Sub Lead

കര്‍ണാടകയിലെ ഹിജാബ് വിലക്കില്‍ ഇളവ്; സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പരീക്ഷകളില്‍ ധരിക്കാം

കര്‍ണാടകയിലെ ഹിജാബ് വിലക്കില്‍ ഇളവ്; സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പരീക്ഷകളില്‍ ധരിക്കാം
X

ബെംഗളുരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് വിലക്കില്‍ ഇളവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മല്‍സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹിജാബ് ധരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹിജാബിന് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളില്‍(കെഎഇ) വിലക്കുണ്ടാവില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തേ, പ്രീ യൂനിവേഴ്‌സിറ്റി കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച നിയമനടപടികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ, ഹിജാബ് നിരോധനം നീക്കുമെന്നത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിരുന്നില്ല. ഇതിനിടെയാണ്, കെഎഇ പരീക്ഷകളില്‍ ഹിജാബ് ധരിക്കുന്നതിന് ഇളവ് നല്‍കി സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ പറഞ്ഞു. മറ്റു പരീക്ഷകളിലും വിലക്ക് ഘട്ടംഘട്ടമായി നീക്കും. മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ സ്‌കൂളുകളിലും പിയു കോളജുകളിലും ഹിജാബ് വിലക്കി 2022 ഫെബ്രുവരി 5നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് മാര്‍ച്ച് 15ന് ഉത്തരവ് ഹൈക്കോടതി വിശാലബെഞ്ച് ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ. വനിതാ പിയു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന്, കര്‍ണാടകയിലെ മൂന്നംഗ ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഇതിനിടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിജാബ് നിരോധനത്തില്‍ ഇളവുമായി രംഗത്തെത്തിയത്.


Next Story

RELATED STORIES

Share it