Sub Lead

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്; പ്രതിഷേധം ശക്തമായിട്ടും സര്‍ക്കാരിന് അനക്കമില്ല

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്; പ്രതിഷേധം ശക്തമായിട്ടും സര്‍ക്കാരിന് അനക്കമില്ല
X

പി സി അബ്ദുല്ല

കോഴിക്കോട്: സിഎസ്‌ഐ സഭയുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് വിലക്കിനെതിരേ പ്രതിഷേധം ശക്തമാവുന്നു. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പഠനം അസാധ്യമാവുന്ന നിലയിലേക്ക് മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാതെ നോക്കിനില്‍ക്കുകയാണ്. പ്രൊവിഡന്‍സിലെ ഹിജാബ് വിലക്കിനെതിരേ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ല. ശിരോവസ്ത്രം അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണിവിടെ.

ഒരു പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ഇതിനകം ടി സി വാങ്ങി സ്‌കൂള്‍ വിട്ടു. പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ഥിനി അഡ്മിഷന് വേണ്ടി ഹാജരായ അവസരത്തിലാണ് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഇതെത്തുടര്‍ന്ന് രക്ഷിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സ്‌കൂളില്‍ നിന്നുള്ള ടിസി വാങ്ങിയത്. പ്രൊവിഡന്‍സ് സ്‌കൂളില്‍ ഗേറ്റിനടുത്ത് വരെ ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പിലേക്ക് കടക്കുമ്പോള്‍ തട്ടം അഴിച്ച് ബാഗിലിടേണ്ട സാഹചര്യമാണെന്നാണ് ചില രക്ഷിതാക്കള്‍ പറയുന്നത്.

കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂള്‍ എയ്ഡഡ് സ്‌കൂളാണ്. സ്വകാര്യസ്ഥാപനമല്ലെന്നിരിക്കെ ഇവിടെ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാണ് ഇവിടെയുള്ള അധ്യാപകര്‍. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളും ളോഹയിട്ട പുരോഹിതരും ജോലിചെയ്യുന്ന സ്‌കൂളിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ശിരോവസ്ത്ര വിലക്ക്.

പ്രിന്‍സിപ്പലായ ഡോ. സില്‍വി ആന്റണി കന്യാസ്ത്രീ വേഷത്തിലാണ് സ്‌കൂളിലെത്തുന്നത്. പ്രധാന അധ്യാപിക സിസ്റ്റര്‍ ലില്ലിയും കന്യാസ്ത്രീയാണ്. മുഖം മറയ്ക്കുന്ന നിഖാബ് അനുവദിക്കണമെന്നല്ല വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. തലയില്‍ തട്ടം അനുവദിക്കണമെന്നാണ്. മതവിശ്വാസവുമായി ബന്ധപ്പെട്ട ന്യായമായ ആവശ്യമാണ് പ്രോവിഡന്‍സ് സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിക്കുന്നത്.

Next Story

RELATED STORIES

Share it