Sub Lead

ഇന്ത്യയുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തല്‍ ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്

ഇന്ത്യയുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തല്‍ ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്
X

ന്യൂഡല്‍ഹി: അദാനിയുടെ ഷെല്‍ കമ്പനി തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വീണ്ടും വന്‍ വെളിപ്പെടുത്തലിനൊരുങ്ങുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തല്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് എക്‌സിലൂടെ അറിയിച്ചത്. ഒരു വരി കുറിപ്പാണ് പങ്കുവച്ചതെങ്കിലും ഓഹരി വിപണിയില്‍ ഉള്‍പ്പെടെ വന്‍ ആശങ്കയ്ക്കാണ് ഇത് കാരണമാക്കിയത്. 2023 ജനുവരിയിലാണ് അദാനി എന്റര്‍പ്രൈസസിന്റെ ഷെല്‍ കമ്പനി സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു.

വിപണിയില്‍ വന്‍തോതില്‍ കൃത്രിമം നടത്തുന്നതായും പല കമ്പനികളുടെയും മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നുമായിരുന്നു റിപോര്‍ട്ട്. അദാനിയുടെ നിയന്ത്രണത്തില്‍ മൗറീഷ്യസ്, യുഎഇ, കാരീബിയന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുന്നുവെന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തല്‍. ഇക്കാര്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ വലിയ ബഹളത്തിനു കാരണമാക്കിയിരുന്നു.

മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷവും രാഹുല്‍ഗാന്ധിയും ഉയര്‍ത്തിക്കാട്ടി. ഇതിനുപുറമെ, ഹിന്‍ഡന്‍ബര്‍ഗിനെതിരേ അദാനി ഗ്രൂപ്പ് നിയമനടപടികളും തുടങ്ങിയിരുന്നു. മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും വന്‍ വെളിപ്പെടുത്തലിനൊരുങ്ങുന്നതായി ഹിന്‍ഡന്‍ബര്‍ഗ് സൂചിപ്പിക്കുന്നത്. എന്നാല്‍, ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അദാനി ഗ്രൂപ്പിനെ സംബന്ധിച്ചാണോ എന്നകാര്യം വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it