Sub Lead

ചരിത്ര പണ്ഡിതന്‍ ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു

ചരിത്ര പണ്ഡിതന്‍ ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
X

കോട്ടയം: ചരിത്ര, സാമൂഹിക ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും ചരിത്ര പണ്ഡിതനും കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്ന ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു. 95 വയസ്സായിരുന്നു. ദലിത് പഠനങ്ങള്‍ക്കും ദലിത് ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദലിത് സംഘടനകള്‍ നല്‍കിയ ദലിത്ബന്ധു എന്ന ആദരനാമം പില്‍ക്കാലത്ത് തന്റെ തൂലികാനാമമാക്കുകയായിരുന്നു. വൈക്കം താലൂക്കിലെ വെച്ചൂരിലെ കത്തോലിക്ക കുടുംബത്തില്‍ 1929 ഫെബ്രുവരി രണ്ടിന് കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. ചേര്‍ത്തല , ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തേവര സേക്രഡ് ഹാര്‍ട്ട്‌സ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം. പഠനകാലത്ത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. മുതലാളിത്തം ഭാരതത്തില്‍ എന്നതാണ് ആദ്യ ഗ്രന്ഥം. കോളജ് വിദ്യാഭ്യാസശേഷം വാര്‍ധയിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏര്‍പ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പില്‍ക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശിതമായി വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യ, വിനോബ ഭാവേ, ജയപ്രകാശ് നാരായണ്‍ എന്നിവരാണ് ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാര്‍. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും അദ്ദേഹം മാറി. പിഎസ്പിയുടെ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡത്ത് നടന്ന പോലീസ് വെടിവയ്പിനെ തുടര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് സജീവ രാഷ്ടീയം ഉപേക്ഷിച്ചു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പര്‍ക്കം തന്നില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായി ജോസ് അഭിപ്രായപ്പെട്ടിരുന്നു. ഭാര്യ: തങ്കമ്മ.

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചാന്നാര്‍ ലഹള, പുലയലഹള, ക്ഷേത്ര പ്രവേശന വിളംബരം, വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക, ശിപായി ലഹള: ഒരു ദലിത് മുന്നേറ്റം, വേലുത്തമ്പി ദളവ, ദിവാന്‍ മണ്‍റോ, അംബേദ്കര്‍, മഹാനായ അയ്യങ്കാളി, വൈകുണഠ സ്വാമികള്‍, ജ്യോതി റാവു ഫൂലെ, കേരള പരശുരാമന്‍ പുലയ ശത്രു, ക്രൈസ്തവ ദലിതര്‍, അംബേദ്കറും മനുസ്മൃതിയും, ഗാന്ധി, ഗാന്ധിസം, ദലിതര്‍, ഗാന്ധിവധം ഒരു പുനര്‍വായന, വാല്മീകി ഒരു ബൗദ്ധനോ?, കറുത്ത അമേരിക്ക, കറുത്ത കേരളം തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.

Next Story

RELATED STORIES

Share it