Sub Lead

നാളെ ഹോളി; സംഭലില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി പോലിസ്, ഷാജഹാന്‍പൂരില്‍ 2,423 പേര്‍ കരുതല്‍ തടങ്കലില്‍ (വീഡിയോ)

നാളെ ഹോളി; സംഭലില്‍ ഫ്ളാഗ്  മാര്‍ച്ച് നടത്തി പോലിസ്, ഷാജഹാന്‍പൂരില്‍ 2,423 പേര്‍ കരുതല്‍ തടങ്കലില്‍ (വീഡിയോ)
X

സംഭല്‍: മാര്‍ച്ച് 14 വെള്ളിയാഴ്ച്ച ജുമ്അ നമസ്‌കാരവും ഹോളിയും ഒരുമിച്ച് വരുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിം പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പോലിസുകാരെ വിന്യസിച്ച് സര്‍ക്കാര്‍. കഴിഞ്ഞ നവംബറില്‍ ആറ് മുസ്‌ലിം യുവാക്കളെ വെടിവച്ചു കൊന്ന സംഭല്‍ ജില്ലയിലെ ശാഹീ ജാമിഅ് മസ്ജിദിന് സമീപം പോലിസ് ഫ്ളാഗ് മാര്‍ച്ച് നടത്തി.

സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധുരിയാണ് ഫഌഗ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വരുകയെന്നും ജുമുഅ നമസ്‌കാരം 52 തവണയുണ്ടെന്നും ഹോളി ദിനത്തില്‍ മുസ്‌ലികള്‍ പുറത്തിറങ്ങരുതെന്നും പ്രസ്താവന ഇറക്കിയ ഉദ്യോഗസ്ഥനാണ് അനുജ് ചൗധുരി. ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രദേശത്ത് സിസിടിവി കാമറകളും ഡ്രോണുകളും വിന്യസിച്ചതായി പോലിസ് അറിയിച്ചു. സംഭലിലെ ശാഹീ മസ്ജിദ് അടക്കം പത്ത് പള്ളികള്‍ ടാര്‍പോളിന്‍ ഇട്ട് മൂടിയിട്ടുമുണ്ട്. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ ജുമുഅ 2.30നായിരിക്കും നടക്കുക. സംഭലില്‍ 1015 പേരെ പോലിസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്.

ഹോളി ആഘോഷത്തിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിജിപി പ്രശാന്ത് കുമാര്‍ ജില്ലാ പോലിസ് മേധാവികള്‍ക്ക് കത്തയച്ചു. 'സെന്‍സിറ്റീവായ' പ്രദേശങ്ങളില്‍ പോലിസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിക്കാനാണ് നിര്‍ദേശം. ഇതേതുടര്‍ന്ന് ഷാജഹാന്‍പൂരില്‍ 75 പള്ളികള്‍ ടാര്‍പോളിനും തുണിയും ഉപയോഗിച്ച് മൂടി. 18 ഹോളി റാലികളാണ് നഗരത്തില്‍ നടക്കുകയെന്ന് എസ്പി എസ് രാജേഷ് പറഞ്ഞു. നഗരത്തെ മൂന്നു സോണുകളും എട്ട് സെക്ടറുകളുമാക്കി. 2,423 പേരെ കരുതല്‍ തടങ്കിലിലാക്കി. 1500 പോലിസുകാരെയും രണ്ടു കമ്പനി പിഎസി ജവാന്‍മാരെയും വിന്യസിച്ചു. പോലിസുകാരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും 100 മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തി.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ മേയ് 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോളി, ചൈത്ര നവരാത്രി, ഈദ്, മറ്റ് ഉത്സവങ്ങള്‍, പ്രവേശന പരീക്ഷകള്‍, പ്രതിഷേധങ്ങള്‍ എന്നിവ കണക്കിലെടുത്താണ് നിരോധനാജ്ഞ. മുഖ്യമന്ത്രിയുടെ വസതി, രാജ്ഭവന്‍, വിധാന്‍ സഭ, ലഖ്‌നോവിലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് ചുറ്റും ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് അനുവദിക്കില്ല. ട്രാക്ടറുകള്‍, ട്രാക്ടര്‍ ട്രോളികള്‍, കുതിരവണ്ടികള്‍, കാളവണ്ടികള്‍, പോത്ത് വണ്ടികള്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിന് പൂര്‍ണ്ണ നിരോധനം ഉണ്ടായിരിക്കും. ലഖ്‌നോവിലെ ജുമുഅ നമസ്‌കാരം ഉച്ചയ്ക്ക് 2.30ന് മതിയെന്ന് മൗലാന ഫറംഗി മഹാലി അഭ്യര്‍ത്ഥിച്ചു. മൊറാദാബാദ്, ഉന്നാവോ, രാംപൂര്‍ തുടങ്ങിയ ജില്ലകളിലെ പ്രധാന പള്ളികളിലെ കമ്മിറ്റികളും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്. രണ്ട് മണിക്കായിരിക്കും ബാങ്ക്.

അലീഗഡിലെ പള്ളികളും പോലിസ് ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടുകയാണ്. കന്‍വാരിഗഞ്ച് മസ്ജിദ്, അലീഗഢിലെ ഡല്‍ഹി ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന മൊഹല്ല ഹല്‍വായാന്‍ മസ്ജിദ് എന്നിവയും മൂടിയിട്ടുണ്ട്. അലീഗഢില്‍ കൂടുതല്‍ പോലിസ് സേനയെ വിന്യസിക്കാന്‍ തീരുമാനമായി. ബറേലി ജില്ലയില്‍ നിരവധി മുസ്‌ലിം പള്ളികളും ദര്‍ഗകളും മൂടി. കോട്‌വാലി ഏരിയയിലെ മലുക്പൂര്‍ ഏരിയയില്‍ പോലിസ് ഫ് ളാഗ് മാര്‍ച്ച് നടത്തി.

ഝാന്‍സിയിലും ജുമുഅ നമസ്‌കാര സമയം മാറ്റിയിട്ടുണ്ട്. ഝാന്‍സി ഓള്‍ഡ് സിറ്റിയിലെ നമസ്‌കാരം 2.30നായിരിക്കും നടക്കുകയെന്ന് പേഷ് ഇമാം മുഹമ്മദ് ഹാഷിം അറിയിച്ചു. ഝാന്‍സിയിലെ മര്‍കസി പള്ളി, ഇത് വാരി ഗഞ്ച് ജമാ മസ്ജിദ്, ബിസാത് ബസാര്‍ പള്ളി. ഗരിയ ഗേറ്റ് പള്ളി, പുലിയ ജുമാ മസ്ജിദ്, സിപ്രി ബസാര്‍ ജമാമസ്ജിദ് അടക്കം 100ല്‍ അധികം പള്ളികളിലെ ജുമുഅ സമയവും മാറ്റി. ഝാന്‍സിയിലെ 67 പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയതായി എസ്പി ഗ്യാനേന്ദ്ര കുമാര്‍ സിങ് പറഞ്ഞു.

മീറത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമേ പള്ളികളില്‍ നമസ്‌കാരം നടത്തൂ, അതിനുമുമ്പ് വീട്ടില്‍ നമസ്‌കാരം നടത്താന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍, പ്രധാന റോഡുകളിലെ സിസിടിവി ക്യാമറകള്‍ പ്രാദേശിക പോലീസ് സ്‌റ്റേഷനുകളുമായും ഔട്ട്‌പോസ്റ്റുകളുമായും ബന്ധിപ്പിക്കും, ഇത് ഈ റൂട്ടുകളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കും. നഗരത്തെയും പരിസര പ്രദേശങ്ങളെയും 14 സോണുകളായി തിരിച്ചിരിക്കുന്നു, ഓരോ സോണും ഒരു എസിഎം (അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലിസ്), സിഒ (സര്‍ക്കിള്‍ ഓഫീസര്‍) എന്നിവര്‍ക്ക് നല്‍കിയിരിക്കുന്നു. ഓരോ സെക്ടറിലെയും സുരക്ഷയുടെ മേല്‍നോട്ട ചുമതല പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജുകളെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെയും ഏല്‍പ്പിച്ചിരിക്കുന്നു.

മധുര, അയോധ്യ, വരാണസി, മുസഫര്‍നഗര്‍, സഹരാന്‍പൂര്‍, മൊറാദാബാദ്, രാംപൂര്‍, ആഗ്ര, കാണ്‍പൂര്‍, ഗോണ്ട, ബഹ്‌റായിച്ച്, സിദ്ധാര്‍ത്ഥ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലും പോലിസിനെയും അര്‍ധസൈനികവിഭാഗങ്ങളെയും വിന്യസിച്ചു. ജുമുഅ സമയവും മാറ്റി.

Next Story

RELATED STORIES

Share it