Sub Lead

വീണ്ടും വര്‍ഗീയ ധ്രുവീകരണ നീക്കവുമായി യോഗി ആദിത്യനാഥ്; മുഗള്‍ ചരിത്രം പറയുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നല്‍കി

ഉത്തര്‍പ്രദേശിലെ ചരിത്രപ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് മറാത്ത ഐക്കണ്‍ ഛത്രപതി ശിവജി മഹാരാജിന്റെ പേര് നല്‍കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം.

വീണ്ടും വര്‍ഗീയ ധ്രുവീകരണ നീക്കവുമായി യോഗി ആദിത്യനാഥ്; മുഗള്‍ ചരിത്രം പറയുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നല്‍കി
X

ലക്‌നൗ: വര്‍ഗീയ ധ്രുവീകരണ നടപടികളിലൂടെ ഇടയ്ക്കിടെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കാറുള്ള വ്യക്തിയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്. യുപിയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയാണ് യോഗിയുടെ പുതിയ വര്‍ഗീയ ധ്രുവീകരണ നീക്കം. ഉത്തര്‍പ്രദേശിലെ ചരിത്രപ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് മറാത്ത ഐക്കണ്‍ ഛത്രപതി ശിവജി മഹാരാജിന്റെ പേര് നല്‍കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം.

മുഗളന്‍മാര്‍ രാജ്യത്തിന്റെ മാതൃകാബിംബങ്ങളല്ലെന്ന് ആരോപിച്ചാണ് ഈ നീക്കം. 'അടിമത്തമെന്ന മാനസിക നില വെച്ചുപുലര്‍ത്തിയവരെയല്ല, പകരം രാജ്യത്തിന്റെ അഭിമാനം കാത്തവരേയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. മുഗളന്‍മാര്‍ നമ്മുടെ മാതൃകാബിംബങ്ങളല്ല. ദേശീയത എന്ന ആശയം പ്രോത്സാഹിപ്പിക്കണം. ശിവജി മഹാരാജാണ് നമ്മുടെ ഹീറോ', യോഗി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനയോഗത്തിലാണ് യോഗി ആദിത്യനാത് മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റുന്നതായി പ്രഖ്യാപിച്ചത്.

താജ് മഹലിനടുത്ത് 2016 ലാണ് മ്യൂസിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2017 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഫണ്ട് മുടങ്ങിയത് കാരണം നിര്‍മ്മാണം പൂര്‍ത്തിയായില്ല. 20 കോടി മുതല്‍ മുടക്കാണ് മ്യൂസിയം നിര്‍മ്മാണത്തിന് പ്രതീക്ഷിച്ചിരുന്നത്. ഡേവിഡ് ചിപ്പര്‍ഫീല്‍ഡ് ആര്‍ക്കിടെക്റ്റുകളും നോയിഡ ആസ്ഥാനമായുള്ള സ്റ്റുഡിയോ ആര്‍ക്കോമുമാണ് താജ്മഹലിന്റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. അധികാരത്തിലേറിയത് മുതല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കടക്കം ഹിന്ദുത്വവാദികളുടെ പേര് യോഗി ആദിത്യനാഥ് നല്‍കിയിരുന്നു.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെ നഗരത്തിലെ താജ്മഹലിനടുത്ത് ആറ് ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, പുരാവസ്തുക്കള്‍, പെയിന്റിംഗുകള്‍, പാചകരീതി, വസ്ത്രങ്ങള്‍, മുഗള്‍ കാലഘട്ടത്തിലെ ആയുധങ്ങള്‍, വെടിമരുന്ന്, കലാപരിപാടികള്‍ എന്നിവയില്‍ മ്യൂസിയം ശ്രദ്ധ കേന്ദ്രീകരിക്കും. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ ആഗ്രയിലും ഡല്‍ഹിയിലും നിരവധി ചരിത്ര സ്മാരകങ്ങളുടെ നിര്‍മിതിയില്‍ മുഗള്‍ രാജവംശത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it