Sub Lead

ഇടതുമുന്നണിക്ക് മുസ് ലിം പ്രീണനമെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം; ഹുസയ്ന്‍ മടവൂര്‍ നവോഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ഇടതുമുന്നണിക്ക് മുസ് ലിം പ്രീണനമെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം; ഹുസയ്ന്‍ മടവൂര്‍ നവോഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
X
കോഴിക്കോട്: ഇടതുമുന്നണിക്ക് മുസ് ലിം പ്രീണനമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കേരള നവോഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം ഡോ. ഹുസയ്ന്‍ മടവൂര്‍ രാജിവച്ചു. സമിതി ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമം കൂടിയായ ഡോ. ഹുസയ്ന്‍ മടവൂര്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അത് കൊണ്ടാണ് ഈഴവസമുദായം ഇടപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതിനാല്‍ അദ്ദേഹം പ്രസ്താവന പിന്‍വലിക്കണം. അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ മുസ് ലിം സമുദായം വോട്ട് ചെയ്ത് ഇടത് പക്ഷത്തെ ജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളില്‍ തങ്ങളെ സര്‍ക്കാര്‍ അവഗണിച്ചെന്നാണ് മുസ് ലിം സമുദായത്തിന്റെ പരാതി. സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, കോച്ചിങ് സെന്ററുകള്‍, ആരാധനാലയ നിര്‍മാണത്തിന്നുള്ള തടസ്സങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുസ്‌ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ജെന്റര്‍ ന്യൂട്രാലിറ്റിയുടെയും എല്‍ജിബിടി സംസ്‌കാരങ്ങള്‍ സ്‌കൂള്‍ കുട്ടികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്. മുസ്‌ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ട വര്‍ത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസയ്ന്‍ മടവൂര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് രൂപീകരിച്ചതാണ് കേരള നവോഥാന സമിതി. അതിനാല്‍ തന്നെ ഹുസയ്ന്‍ മടവൂര്‍ മുഖ്യമന്ത്രിക്കായിരിക്കും രാജിക്കത്ത് നല്‍കുക.
Next Story

RELATED STORIES

Share it