Sub Lead

ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് വളരെ വേദനാ ജനകമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
X

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുശോചിച്ചു

മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃക കാട്ടിയ നേതാവ്: ഉമ്മന്‍ ചാണ്ടി

സമുദായ നേതാവായും പാര്‍ട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണ്. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ് അദ്ദേഹം. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹം യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു.വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അതീവതാത്പര്യം കാട്ടിയ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.

വേര്‍പാട് ഏറെ വേദാനാജനകം: മന്ത്രി റിയാസ്

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് വളരെ വേദനാ ജനകമാണ്. സൗമ്യതയുടെയും മിതത്വത്തിന്റെയും പ്രതിരൂപമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരളീയ പൊതു സമൂഹത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ജീവിതത്തില്‍ മത നിരപേക്ഷ മൂല്യങ്ങളെ എന്നും മുറുകെ പിടിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെ എന്നും മത നിരപേക്ഷ മൂല്യങ്ങള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

വിടപറഞ്ഞത് സംസ്ഥാനത്തെ ഏറ്റവും തലപ്പൊക്കമുള്ള നേതാവ്: എം എ ബേബി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അകാലത്തെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണ്. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലപ്പൊക്കമുള്ള ഒരു നേതാവ് ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. ഒരു സമുദായനേതാവ് ആയിരിക്കെ തന്നെ ഇതരസമുദായങ്ങളുമായി പരസ്പരബഹുമാനപൂര്‍വമുള്ള ഒരു ബന്ധം പുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മുസ്ലിം സമുദായരാഷ്ട്രീയത്തിന്റെ നേതാവ് ആയിരിക്കെ അത് വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് വീഴാതിരിക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ മുന്‍ഗാമികളും എന്നും പ്രവര്‍ത്തിച്ചു.ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അനുശോചിച്ചു

പണ്ഡിതന്‍, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച മഹാനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മര്‍ഹൂം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയര്‍ച്ചയില്‍ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്‌നേഹബന്ധവും സാഹോദര്യവുമായിരുന്നു ഞാന്‍ വെച്ച് പുലര്‍ത്തി വന്നത്. ഈയടുത്ത് ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ആ സ്‌നേഹബന്ധം പുതുക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എന്നോടും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹത്തോടും വസിയത്ത് പറഞ്ഞിട്ടാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്.

കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാന്‍ കഴിയുമാറാകട്ടെ. അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഹൈദരലി തങ്ങളുടെ വേര്‍പാട് തീരാനഷ്ടം: കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍

കോട്ടയം: മത രാഷ്ട്രീയ സാമൂഹിക മഹല്‍ സംവിധാനങ്ങളുടെ അടക്കം അമരക്കാരനായിരുന്ന ലാളിത്യത്തിന്റെ പര്യായമായിരുന്ന ബഹുമാനപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് സമൂഹത്തിനും സമുദായത്തിനും വേദനാജനകവും ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ അഭാവം തീരാനഷ്ടമാണെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം. ബി അമീന്‍ഷാ മതേതര കാഴ്ചപ്പാടുകളില്‍ നിന്നും നിശേഷം വ്യതിചലിക്കാതെ അദ്ദേഹം സമൂഹത്തിനും സമുദായത്തിലും ചെയ്ത സ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയം ആണെന്നും കാലാകാലം അതിന്റെ അടയാളങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു

മതേതരത്വത്തിന്റെ പ്രതീകമായിരുന്നു തങ്ങള്‍: എ പി അനില്‍കുമാര്‍ എംഎല്‍എ

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തികച്ചും മതേതരത്വത്തിന്റെ പ്രതീകമായിരുന്നുവെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നതാണ് ഏറെ പ്രത്യേകത. കാരുണ്യത്തിന്റെ പ്രതീകവുമായിരുന്നു തങ്ങള്‍. മലപ്പുറം ജില്ലക്ക് മാത്രമല്ല, കേരളീയ സമൂഹത്തിന് തന്നെ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്നും എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

മതേതര കേരളത്തിന്റെ പൂമുഖത്ത് ജ്വലിച്ചു നിന്ന പൊന്‍വിളക്ക്: വി എസ് ജോയ്

മലപ്പുറം: മതേതര കേരളത്തിന്റെ പൂമുഖത്ത് ജ്വലിച്ചു നിന്ന പൊന്‍വിളക്കായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തെ മറക്കാന്‍ മലയാളി സമൂഹത്തിനാവില്ല. പ്രത്യേകിച്ചും മലപ്പുറം നിവാസികള്‍ക്ക്. കരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവും കൂടിയായിരുന്നു തങ്ങള്‍. മതം നോക്കാതെ ആരെയും സഹായിക്കാന്‍ തയ്യാറാവുന്ന അദ്ദേഹത്തെ മറക്കാന്‍ഏത് മലയാളിക്കും കഴിയില്ലെന്നും ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

മതനിരപേക്ഷ ജനാധിപത്യത്തിന്റെയും സമുദായ മൈത്രിയുടെയും പ്രതീകവും ജനസമ്മതനുമായ നേതാവുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഹൈദരലി തങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിനായി പ്രയത്‌നിച്ച നേതാവ്: ആര്യാടന്‍ മുഹമ്മദ്

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ഐക്യജനാധിപത്യ മുന്നണിയുടെ സമുന്നതനായ നേതാവുമായ ജനാബ് ഹൈദരലി ശിഹാബ് തങ്ങള്‍ എല്ലാ സമുദായത്തെയും സമൂഹത്തെയും ഒരു പോലെ കണക്കാക്കി അവരുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച മഹദ് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അനുസ്മരിച്ചു. എല്ലാ സമുദായങ്ങളെയും യോജിപ്പിക്കുന്നതിനും പ്രത്യേകിച്ച് ഹിന്ദു മുസ്ലീം ഐക്യം നിലനിര്‍ത്തുന്നതിനും വളരെയധികം ശുഷ്‌കാന്തി പ്രകടിപ്പിച്ചിരുന്നു. മലപ്പുറം ജില്ലയുടെ നാനോന്‍മുഖമായ വികസനത്തിന് മുന്‍കൈയ്യെടുത്തിരുന്ന നേതാവായിരുന്നു. ആത്മീയ, ഭൗതിക, വിദ്യാഭ്യാസ രംഗത്ത് ജനങ്ങളെ മുന്നോട്ടു നയിച്ച നേതൃത്വമായിരുന്നു. വളരെ സൗഹാര്‍ദ്ദപരമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഹൈദരലി തങ്ങളുടെ വിയോഗം മുസ്ലീം ലീഗ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായും ആര്യാടന്‍ മുഹമ്മദ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

നഷ്ടമായത് പിതൃതുല്യനായ നേതാവിനെ: പി ടി അജയ് മോഹന്‍

മലപ്പുറം: പിതൃ തുല്യമായ സ്‌നേഹ വാത്സല്യങ്ങള്‍ പകര്‍ന്നു തന്നിരുന്ന പ്രിയങ്കരനായ നേതാവിനെയാണ് ഹൈദരലി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് പതിറ്റാണ്ടുകളായി നീണ്ടു നില്‍ക്കുന്ന ആത്മ ബന്ധമാണ് എന്റെ കുടുംബവും പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായുള്ളതെന്ന മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.സൗമ്യഭാവത്തോടെ മുസ്ലിം ലീഗിനും യുഡിഎഫിനും നേതൃത്വം നല്‍കിയിരുന്ന തങ്ങള്‍ കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുന്നതിനൊപ്പം ജില്ലയിലെ യുഡിഎഫിന്റെ വളര്‍ച്ചക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുമായിരുന്നു. എല്ലാവരേയും ഏറെ വേദനിപ്പിക്കുന്ന ഈ വേര്‍പാടില്‍ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും പി. ടി. അജയ് മോഹന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

എം ബി രാജേഷ്

ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. മതനിരപേക്ഷജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

എ വിജയരാഘവന്‍

മുസ്ലീലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. കേരളരാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു തങ്ങള്‍. ബഹുമാന്യനും ആദ്ധ്യാത്മിക പണ്ഡിതനുമായിരുന്നു. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി, അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയാണ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവുമായിരുന്നു.

വിവേകപൂര്‍വം രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന തങ്ങളുടെ വിയോഗം കേരളത്തിന്റെ പൊതുമണ്ഡലത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.


റീജന്‍സി ഗ്രൂപ്പ് അനുശോചിച്ചു

ദുബയ്: ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും തണലായിരുന്ന, സൗമ്യതയുടെ ആള്‍രൂപമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖംരേഖപ്പെടുത്തുന്നതായി റീജന്‍സി ഗ്രൂപ്പ് അറിയിച്ചു.

നാട്ടില്‍ പോകുന്ന സമയത്തു എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദര്‍ശിച്ചു സുഖ വിവരങ്ങള്‍ അന്വേഷിക്കാതെ മടങ്ങാറില്ല. അദ്ദേഹത്തിന്റ്‌റെ സൗമ്യതയും വിശുദ്ധിയും നിറഞ്ഞ ജീവിതം എല്ലാവര്ക്കും മാതൃകയാണ്. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന, ദീര്‍ഘ കാലത്തെ ആത്മ ബന്ധമുള്ള ഒരു ജേഷ്ടസഹോദരനെയാണ് നഷ്ടമായത് എന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ പറഞ്ഞു. പ്രതിസന്ധികളെ ഇത്ര ആത്മ സംയമനത്തോടെ നേരിടുന്ന മറ്റൊരാളെ നമുക്ക് കാണാനാവില്ല.

വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയില്‍ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അദ്ദേഹത്തോടൊപ്പം വളരെ അടുത്ത് ഇടപഴകാനുമായതു ജീവിത ഭാഗ്യമായി കരുതുന്നു. ഇനിയും ഇങ്ങനെയൊരു സദ്ഗുണ സൗഭാഗ്യം സമുദായത്തിനും കേരളീയ സമൂഹത്തിനും ലഭിക്കാന്‍ നാം എത്രയോ കാത്തിരിക്കേണ്ടി വരും. സമൂഹം മുഴുവന്‍ അംഗീകരിക്കുന്ന ഒരു മഹാത്മാവിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടം തന്നെയാണെന്നു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ: അന്‍വര്‍ അമീന്‍ പറഞ്ഞു.

നിരവധി തവണ അടുത്തിടപഴകിയപ്പോഴും അദ്ധെഹവുമൊത്തുള്ള യാത്രകളിലും ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കഥയാണ് കാണാനായത്. മറ്റുള്ളവരെ കളിയാക്കുന്ന തമാശകളും ട്രോളുകളും നിറഞ്ഞ ഈ ലോകത്തു. ഒരു നോട്ടം കൊണ്ട് പോലും ആരെയും വിഷമിപ്പിക്കാതിരിക്കാന്‍ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. യാത്രകളില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ എല്ലാം ദിക്‌റുകള്‍ ചെല്ലാനും പരിശുദ്ധ ഖുര്‍ആനോ മറ്റു ഗ്രന്ഥങ്ങളോ പാരായണം ചെയ്യാനുമായിരുന്നു അദ്ദേഹം സമയം കണ്ടെത്തിയിരുന്നത് എന്ന് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍ പറഞ്ഞു.

ഇന്‍ക്കാസ് സ്ഥാപക ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അനുശോചിച്ചു

ദുബയ്: മതേതര കേരളത്തിന്റെ സൗമ്യ മുഖവും, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനും, കക്ഷിരാഷ്ട്രീയത്തിനതീതമായി സര്‍വരാലും അംഗീകരിക്കപ്പെട്ട സമുന്നത വ്യക്തിത്വമായിരുന്ന പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ സാമൂഹ്യ പ്രവര്‍ത്തകനും ഇന്‍ക്കാസ് സ്ഥാപക ജനറല്‍ സിക്രട്ടറിയുമായ പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.

മനുഷ്യനന്മയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും നേതൃത്വം നല്‍കിയ തങ്ങളുടെ വേര്‍പാട് കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും,

മുസ്ലിം ലീഗിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നതോടൊപ്പം ഒരു ജീവകാരുണ്യ പ്രസ്ഥാനവുമാക്കി രൂപാന്തരപ്പെടുത്തിയെടുത്ത പക്വമതിയും മനുഷ്യസ്‌നേഹിയുമായ നേതാവ് കൂടിയായിരുന്നു തങ്ങളെന്നും, പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപ്പെടുന്ന വ്യക്തിത്വവുമായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

Next Story

RELATED STORIES

Share it