Sub Lead

'രാമായണത്തെ വിമര്‍ശിച്ചെന്ന്'; ബോംബെ ഐഐടിയില്‍ നാടകം കളിച്ച വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ

രാമായണത്തെ വിമര്‍ശിച്ചെന്ന്; ബോംബെ ഐഐടിയില്‍ നാടകം കളിച്ച വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ
X

മുംബൈ: രാമായണത്തെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് നാടകം കളിച്ച ബോംബെ ഐഐടി വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ. രാമായണത്തിന്റെ പാരഡിയെന്ന് വിശ്വസിക്കപ്പെടുന്ന 'രാഹോവന്‍' എന്ന നാടകം അവതരിപ്പിച്ചതിനാണ് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) ബോംബെ പിഴ ചുമത്തിയത്. മാര്‍ച്ച് 31ന് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവലിലാണ് നാടകം അവതരിപ്പിച്ചത്. ഹിന്ദു ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹിന്ദു വിശ്വാസങ്ങളെയും ദേവതകളെയും അവഹേളിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നും ആരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നാടകത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഫെമിനിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ മറവില്‍ നാടകം പ്രധാന കഥാപാത്രങ്ങളെ വളച്ചൊടിക്കുകയും സാംസ്‌കാരിക മൂല്യങ്ങളെ പരിഹസിക്കുകയും ചെയ്‌തെന്നാണ് ചില വിദ്യാര്‍ഥികളുടെ ആരോപണം. പരാതികള്‍ മെയ് എട്ട്‌ന് അച്ചടക്ക സമിതിക്ക് അയച്ചു. തുടര്‍ന്നാണ് ജൂണ്‍ ന് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതവും മറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് 40,000 രൂപ വീതവുമാണ് പിഴ ചുമത്തിയത്. ഏതാണ്ട് ഒരു സെമസ്റ്ററിന്റെ ട്യൂഷന്‍ ഫീസിന് തുല്യമാണ് തുക. ബിരുദധാരികളായ വിദ്യാര്‍ഥികളെ ജിംഖാന അവാര്‍ഡുകളില്‍ നിന്നുള്ള വിലക്കുകയും ജൂനിയര്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഡീബാര്‍ ചെയ്യുകയും ചെയ്തു. പിഴകള്‍ 2024 ജൂലൈ 20ന് സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ ഓഫിസില്‍ അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ കൂടുതല്‍ നടപടിയുണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ശ്രീരാമനേയും രാമായണത്തേയും പരിഹസിക്കുന്ന നാടകമാണെന്ന് ചൂണ്ടിക്കാട്ടി 'ഐഐടി ബി ഫോര്‍ ഭാരത്' ഗ്രൂപ്പ് ഏപ്രില്‍ എട്ടിന് രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം തുടങ്ങിയത്. ബഹുമാന്യരായ വ്യക്തികളെ പരിഹസിക്കാന്‍ വിദ്യാര്‍ഥികള്‍ അക്കാദമിക് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് വീഡിയോ ക്ലിപ്പുകളും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്ക നടപടിയെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍, ചിലര്‍ ഇതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് അപലപിച്ചു. 'വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളായിരിക്കണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സുരക്ഷിതമായ ഇടങ്ങളായിരിക്കണം. ഐഐടികള്‍ പോലും ഇനി സുരക്ഷിതമായ ഇടമല്ലെന്നാണ് ഒരു ഉപഭോക്താവ് എക്‌സില്‍ എഴുതിയത്. വിവിധ കലാരൂപങ്ങളില്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് പേരുകേട്ട ഐഐടി ബോംബെയിലെ വാര്‍ഷിക സാംസ്‌കാരിക പരിപാടിയാണ് പെര്‍ഫോമിങ് ആര്‍ട്‌സ് ഫെസ്റ്റിവല്‍.

Next Story

RELATED STORIES

Share it