Sub Lead

ഞാന്‍ കലൈഞ്ജറുടെ കൊച്ചുമകന്‍; സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; മാപ്പുപറയില്ല: ഉദയനിധി

ഞാന്‍ കലൈഞ്ജറുടെ കൊച്ചുമകന്‍; സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; മാപ്പുപറയില്ല:  ഉദയനിധി
X

ചെന്നൈ: സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായ ഉദയനിധി സ്റ്റാലിന്‍. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് താന്‍ സംസാരിച്ചതെന്നും ഉദയനിധി വ്യക്തമാക്കി. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതായും ദ്രാവിഡ നേതാക്കളായ പെരിയാര്‍, മുന്‍ മുഖ്യമന്ത്രിമാരായ സി എന്‍ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടെ വീക്ഷണങ്ങളേയാണ് താന്‍ പ്രതിധ്വനിക്കുന്നതെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

'സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന് അനുവാദമില്ല. തങ്ങളുടെ വീടുവിട്ട് പുറത്തിറങ്ങാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ അവരും മരണത്തിന് കീഴടങ്ങണം. പെരിയാര്‍ ഇതിനെല്ലാം എതിരെ സംസാരിച്ച വ്യക്തിയാണ്. പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്,' ഉദയനിധി വ്യക്തമാക്കി.

'എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ കോടതികളില്‍ എനിക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തു. അവരെന്നോട് മാപ്പുപറയാന്‍ നിര്‍ദേശിച്ചു. പക്ഷേ, ഞാന്‍ പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്. ഞാന്‍ കലൈഞ്ജറുടെ കൊച്ചുമകനാണ്, ക്ഷമാപണം നടത്തില്ല, കേസുകളെ നേരിടും,' ഉദയനിധി പറഞ്ഞു.



2023 സെപ്റ്റംബറിലായിരുന്നു സനാതാന ധര്‍മത്തെക്കുറിച്ച് ഉദയനിധി പരാമര്‍ശിച്ചത്. സനാതന ധര്‍മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി എതിര്‍ത്താല്‍ മാത്രം പോര ഉന്മൂലനം ചെയ്യണമെന്നും ആഹ്വാനം ചെയ്തു. സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണ് സനാതന ധര്‍മമെന്നും ഉദയനിധി അന്ന് പറഞ്ഞു. ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. നിരവധി കേസുകളും ഉദയനിധിക്കെതിരെ രജിസ്റ്റര്‍ ചെയ്തു.



സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഉദയനിധി ആരോപിച്ചു. തമിഴ്നാട് സംസ്ഥാനഗീതത്തില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട മാറ്റങ്ങള്‍ ഇതിന് തെളിവാണ്. ദ്രാവിഡ സംസ്‌കാരത്തെ എടുത്തുകാണിക്കുന്ന വരികള്‍ ഒഴിവാക്കിയത് മനഃപൂര്‍വമാണെന്നും ഉദയനിധി പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതിനാല്‍, കുട്ടികള്‍ക്ക് തമിഴ് വാക്കുകള്‍ ഉപയോഗിച്ചുള്ള പേരുകള്‍ നല്‍കാന്‍ എല്ലാവരും തയാറാകണം. ഗവര്‍ണര്‍ ആര്‍ എന്‍ രവി പങ്കെടുത്ത ഹിന്ദി മാസാചരണ പരിപാടിയിലായിരുന്നു തമിഴ്നാട് സംസ്ഥാന ഗീതത്തില്‍ നിന്ന് 'ദ്രാവിഡ നല്‍ തിരുനാട്' എന്ന ഭാഗം ഒഴിവാക്കിയത്.






Next Story

RELATED STORIES

Share it