Sub Lead

ജാര്‍ഖണ്ഡില്‍ പള്ളി ഇമാമിനെ തല്ലിക്കൊന്നു; അപകടമരണമെന്ന് പോലിസ്

ജാര്‍ഖണ്ഡില്‍ പള്ളി ഇമാമിനെ തല്ലിക്കൊന്നു; അപകടമരണമെന്ന് പോലിസ്
X

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ കോദെര്‍മ ജില്ലയില്‍ പള്ളി ഇമാമിനെ തല്ലിക്കൊന്നു. ബൈക്കില്‍ വരുന്നതിനിടെ ഓട്ടോയിലിടിക്കുകയും യാത്രക്കാരിയായ ഹിന്ദു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഭര്‍ത്താവും ഭര്‍തൃസഹോദരനും നാട്ടുകാരും ചേര്‍ന്ന് ഇമാമിനെ തല്ലിക്കൊന്നതെന്നാണ് റിപോര്‍ട്ട്. അതേസമയം, സംഭവത്തിന് സാമുദായിക നിറം ഇല്ലെന്ന് പറഞ്ഞ പോലിസ് അപകടത്തിലാണ് ഇമാം മരണപ്പെട്ടതെന്നും വ്യക്തമാക്കി. എന്നാല്‍, പോലിസ് വാദങ്ങള്‍ ഇമാമിന്റെ കുടുംബവും നാട്ടുകാരും തള്ളി.

ഹസാരിബാഗിലെ ബര്‍കഡ ജില്ലയില്‍ ഇമാമായും മദ്‌റസ അധ്യാപകനായും ജോലി ചെയ്യുന്ന മൗലാനാ സഹാബുദ്ദീന്‍ ആണ് ഇക്കഴിഞ്ഞ ജൂണ്‍ 30ന് മരണപ്പെട്ടത്. ഖുതാരി കാര്യയ്ക്ക് സമീപം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൗലാനാ സഹാബുദ്ദീനെ ഒരു സംഘം ആക്രമിച്ചത്. ഖുതാരി കാര്യ നിവാസിയായ അനിതാ ദേവി ഭര്‍ത്താവിനും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ഇമാമിന്റെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അനിതാ ദേവിയുടെ കൈയ്ക്കും മൂക്കിനും പരിക്കേറ്റു. ഇതിന്റെ പേരിലാണ് ഇമാമിനെ അനിതാ ദേവിയുടെ ഭര്‍ത്താവ് മഹേന്ദ്ര യാദവ്, സഹോദരന്‍ രാംദേവ് യാദവ് എന്നിവരും പരിസരവാസികളും സമീപത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളും ചേര്‍ന്ന് തല്ലിക്കൊന്നതെന്ന് സിയാസത് റിപോര്‍ട്ട് ചെയ്തു. സഹാബുദ്ദീനെ മര്‍ദ്ദിക്കരുതെന്ന് അനിതാ ദേവി ജനക്കൂട്ടത്തോട് അഭ്യര്‍ഥിച്ചെങ്കിലും വടികളും മറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയാണ് അക്രമികളില്‍നിന്ന് സഹാബുദ്ദീനെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഖത്തും തലയിലും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ സാമുദായിക നിറം ഇല്ലെന്നും അപകടത്തിലാണ് ഇമാം മരിച്ചതെന്നുമാണ് പോലിസ് പറയുന്നത്. 'അപകടത്തില്‍ ഇമാമിന് പരിക്കേറ്റു. ഇതില്‍ വര്‍ഗീയതയൊന്നുമില്ല.

പോലിസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പോലിസ് പറഞ്ഞു. എന്നാല്‍, പോലിസ് ഭാഷ്യം പൂര്‍ണമായും സഹാബുദ്ദീന്റെ കുടുംബം തള്ളി. അന്നേ ദിവസം രാവിലെ എട്ടോടെ തന്റെ ജെഎച്ച് 10 എഫ് 9434 ബൈക്കില്‍ ബുനിചൗഡിയയിലെ വീട്ടിലേക്ക് മടങ്ങാന്‍ വേണ്ടി ബസ്‌റോവില്‍ നിന്ന് പുറപ്പെട്ടതായിരുന്നു പിതാവെന്ന് സഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് പര്‍വേസ് ആലം പറഞ്ഞു. പിതാവിന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. എന്നാല്‍, ബാഹ്യ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ആന്തരിക രക്തസ്രാവം കാരണമാണ് മരണപ്പെട്ടത്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്നും മകന്‍ ആവശ്യപ്പെട്ടു. ഇമാം അപകടത്തില്‍ മരിച്ചതല്ലെന്നും അപകടത്തില്‍ പരിക്കേറ്റതാണെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്നും ആള്‍ക്കൂട്ടം തലയ്ക്കടിച്ചതിനാലാണ് മരണപ്പെട്ടതെന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രാദേശിക നേതാവ് സൂരജ് ദാസ് പറഞ്ഞു. 'സ്‌കൂട്ടറിടിച്ച് പരിക്കേറ്റ സ്ത്രീ ജനക്കൂട്ടത്തോട് മൗലാനയെ തല്ലരുതെന്ന് അഭ്യര്‍ഥിച്ചു. പക്ഷേ അവര്‍ ചെവിക്കൊണ്ടില്ല. സ്ത്രീക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. അദ്ദേഹം ഒരു മുസ് ലിം ആയതിനാലാവാം ജനക്കൂട്ടം മര്‍ദ്ദിച്ചത്. തൊപ്പിയും താടിയും ധരിച്ചത് കൊണ്ടാവാം മര്‍ദ്ദിച്ചതെന്നും സൂരജ് ദാസ് ദി ഒബ്‌സര്‍വര്‍ പോസ്റ്റിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it