Big stories

14 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ നാടകം; അവിശ്വാസത്തില്‍ പുറത്താവുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍

14 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ നാടകം; അവിശ്വാസത്തില്‍ പുറത്താവുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍
X

ഇസ്‌ലാമാബാദ്: അര്‍ധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്താവുന്നത്. അവസാന പന്തുവരെ നേരിടുമെന്ന് പറഞ്ഞിരുന്ന ഇംറാന്‍ ഖാന്‍ അവിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ അവസാന നിമിഷം വരെ തയ്യാറായില്ല. കോടതിയും പട്ടാള മേധാവിയും ഇടപെട്ടതോടെയാണ് ഇംറാന് നാണംകെട്ട് പടിയിറങ്ങേണ്ടിവന്നത്. പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറി. 1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം പാകിസ്താനില്‍ ഒരു പ്രധാനമന്ത്രി പോലും അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.

വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോള്‍ പാകിസ്താന്‍ പാര്‍ലമെന്റില്‍ അദ്ദേഹമുണ്ടായിരുന്നില്ല. രാവിലെ പത്തര മുതല്‍ 14 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് ശനിയാഴ്ച പാക് ദേശീയ അസംബ്ലി വേദിയായത്. രാവിലെ 10.30നാണ് ദേശീയ അസംബ്ലി ചേര്‍ന്നത്. സ്വന്തം രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിര്‍ണായകസമ്മേളനത്തില്‍ പക്ഷേ, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഹാജരായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയിലെത്തിയെങ്കിലും ഭരണപക്ഷ അംഗങ്ങളുടെ എണ്ണം തീര്‍ത്തും കുറവായിരുന്നു. അജണ്ടയില്‍ നാലാമതായാണ് അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നത്. സ്പീക്കര്‍ ആസാദ് ഖൈസറായിരുന്നു സഭ രാവിലെ സമ്മേളിച്ചപ്പോള്‍ അധ്യക്ഷക്കസേരയില്‍.

സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ എതിര്‍പ്പുകളെ അവഗണിച്ച് ഇംറാന്റെ കക്ഷിയായ പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫിന്റെ മന്ത്രിമാര്‍ നീണ്ട പ്രസംഗങ്ങളുമായി നടപടികള്‍ നീട്ടിക്കൊണ്ടുപോയി. അതിനിടെ, അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളം മൂര്‍ച്ഛിച്ചതോടെ ഉച്ചയ്ക്ക് 12.30 വരെ അസംബ്ലി നിര്‍ത്തിവച്ചു. സമവായശ്രമമെന്ന നിലയില്‍ ഭരണപ്രതിപക്ഷകക്ഷികളുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ച നീണ്ടതോടെ സമ്മേളനം പുനരാരംഭിക്കുന്നത് വൈകി. സ്പീക്കറുടെ ചേംബറില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ ഭരണപക്ഷത്തുനിന്നു വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും പിടിഐ നേതാവ് ആമിര്‍ ദോഗറും പങ്കെടുത്തു. ദേശീയ അസംബ്ലി അഞ്ചുവട്ടം നിര്‍ത്തിവച്ച സഭാ അധ്യക്ഷന്റെ നടപടിയില്‍ വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടതിനെത്തുടര്‍ന്ന് പാക് സുപ്രിംകോടതി അമര്‍ഷം വെളിവാക്കി.

വോട്ടെടുപ്പിന് അര്‍ധരാത്രി വരെ കാക്കുമെന്നും നടത്തിയില്ലെങ്കില്‍ പ്രത്യേക സിറ്റിങ് നടത്തുമെന്നു കോടതി അറിയിച്ചു. 12.30 വരെ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ 12.45ന് കോടതി വിശാലബെഞ്ച് ചേരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൈക്കോടതിയിലേക്ക് എത്തി. തുടര്‍ന്ന് അസംബ്ലി വീണ്ടും ചേര്‍ന്നപ്പോള്‍ സുപ്രിംകോടതിയുടെ അറസ്റ്റ് ഭയന്ന് സ്പീക്കര്‍ സ്പീക്കര്‍ ആസാദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതോടെ പ്രതിപക്ഷ സഖ്യത്തില്‍നിന്നുള്ള അയാന്‍ സാദിഖ് സ്പീക്കറായി നിയോഗിക്കപ്പെട്ടു. വിദേശ ഗൂഢാലോചനയില്‍ പങ്കാളിയായി ഇമ്രാനെ പുറത്താക്കാനില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ഇരുവരുടെയും രാജി.

സുപ്രിംകോടതിയുടെ ഏഴംഗ വിശാല ബെഞ്ച് പാക് സമയം 12.30ന് ചേര്‍ന്ന് കേസ് പരിഗണിക്കുന്നതിനാല്‍ കോടതിയലക്ഷ്യം ഭയന്ന്, ചുമതല ഏറ്റെടുത്ത് ഉടന്‍തന്നെ അയാന്‍ സാദിഖ് വോട്ടിങ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണ് വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇമ്രാന്‍ പുറത്തായെന്ന് ഉറപ്പായതോടെ പാക് സുപ്രിംകോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും കോടതിയില്‍നിന്നു മടങ്ങി. പാക് ജനത എന്നും ഇമ്രാനൊപ്പം നില്‍ക്കുമെന്ന് പുറത്താക്കലിനു പിന്നാലെ പാകിസ്താന്‍ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടി പ്രതികരിച്ചു. 2018 ആഗസ്ത് 17നാണ് ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരിക് ഇ ഇന്‍സാഫ് സൈന്യത്തിന്റെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയത്.

Next Story

RELATED STORIES

Share it