Sub Lead

ബംഗളൂരു അക്രമം: അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്

എംഎല്‍എ മൂര്‍ത്തിയുടെ വീടിന് നേരെ ആക്രമണം നടത്താന്‍ ആളുകളെ സംഘടിപ്പിച്ചതിന്റെ പേരില്‍ ബംഗളൂരു മുന്‍ കോണ്‍ഗ്രസ് മേയര്‍ സമ്പത്ത് രാജിന്റെ പിഎയും മരുമകനുമായ അരുണ്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗളൂരു അക്രമം: അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്
X

ബംഗളൂരു: പ്രവാചക നിന്ദയുടെ പേരില്‍ ബംഗളൂരുവില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്. കോണ്‍ഗ്രസ് എംഎല്‍എയുടെ വീട് ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാവ് തന്നെ പ്രവര്‍ത്തകരെ സംഘടിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതായാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബംഗളൂരു സംഘര്‍ഷത്തിന്റെ പേരില്‍ എസ്ഡിപിഐക്കെതിരേ വ്യാപക ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ലഭിച്ചത്.

ബംഗളൂരു അക്രമത്തിന്റെ പേരില്‍ എസ്ഡിപിഐയെ ലക്ഷ്യമാക്കി ബിജെപി സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും സംഘര്‍ഷത്തിലേക്ക് നയിച്ച മറ്റുഘടകങ്ങളും പോലിസ് അന്വേഷണ വിധേയമാക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തിനുള്ള പ്രേരണ, എസ്ഡിപിഐ/പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്ക്, കോണ്‍ഗ്രസ്സ് ഉള്‍പ്പടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും പുറത്തുമുള്ള രാഷ്ട്രീയ വൈരാഗ്യം, ബംഗളൂരു സിറ്റി കൗണ്‍സിലില്‍ ഉയര്‍ന്ന ഓഹരികളുള്ള രാഷ്ട്രീയക്കാരുടെ പങ്ക്്, കഴിഞ്ഞ പത്തുവര്‍ഷമായി മുന്‍ ജെഡിഎസ് നേതാവും ഇപ്പോള്‍ എംഎല്‍എയുമായ മൂര്‍ത്തി നിയന്ത്രിച്ചിരുന്ന നഗരത്തിലെ സിവില്‍ വാര്‍ഡുകളിലെ ഇടപാടുകള്‍ ഇതെല്ലാം അന്വേഷണ പരിധിയില്‍ വരും. അക്രമം നടന്ന പ്രദേശത്തെ മൊബൈല്‍ ടവര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത് അക്രമത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ സഹായിക്കുമെന്നും പോലിസ് പറഞ്ഞു.

തുടക്കത്തിലെ പ്രതിഷേധത്തിന് ശേഷം അക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയക്കാര്‍ സാമൂഹിക വിരുദ്ധരെ അണിനിരത്തിയെന്നാണ് അന്വേഷണം സൂചിപ്പിക്കുന്നത്. എംഎല്‍എ മൂര്‍ത്തിയുടെ വീടിന് നേരെ ആക്രമണം നടത്താന്‍ ആളുകളെ സംഘടിപ്പിച്ചതിന്റെ പേരില്‍ ബംഗളൂരു മുന്‍ കോണ്‍ഗ്രസ് മേയര്‍ സമ്പത്ത് രാജിന്റെ പിഎയും മരുമകനുമായ അരുണ്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎല്‍എയുടെ വീട് അക്രമിക്കാന്‍ ആളുകളെ സംഘടിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

മൂര്‍ത്തിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ എ ആര്‍ സാക്കിര്‍, രണ്ട് മുസ്‌ലിം വനിതാ കൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്മാര്‍ എന്നിവരുടെ ഇടപെടലുകളും പോലിസ് പരിശോധിക്കുന്നുണ്ട്. കൗണ്‍സിലര്‍ ഇര്‍ഷാദ് ബീഗത്തിന്റെ ഭര്‍ത്താവ് കലീം പാഷയും അറസ്റ്റിലായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധമുള്ള ജെഡിഎസില്‍ നിന്നുള്ളവര്‍ക്കും അക്രമത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.

അതേസമയം, കോണ്‍ഗ്രസുകാരെ ലക്ഷ്യമിട്ടാണ് ബെംഗളൂരു പോലിസ് പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ആരോപിച്ചു. ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ലക്ഷ്യമിട്ട് ബിജെപിക്കുള്ളിലെ ഒരു വിഭാഗം ബെംഗളൂരുവിലെ അക്രമത്തെ ഉപയോഗിക്കുകയാണെന്ന് സിദ്ധരാമയ്യയും ആരോപിച്ചു.

Next Story

RELATED STORIES

Share it