Sub Lead

പഞ്ചാബില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

അടുത്തിടെ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു ഫത്തേ ബജ്‌വയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു

പഞ്ചാബില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
X

ചണ്ഡിഗര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായ ഫത്തേ ജംഗ് സിംഗ് ബജ് വയാണ് പാര്‍ട്ടിവിട്ട ഒരാള്‍. ഖാദിയാനിലെ എംഎല്‍എയാണ് ഇദ്ദേഹം. ഹര്‍ഗോബിന്ദ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയാണ് ബിജെപിയില്‍ ചേര്‍ന്ന മറ്റൊരാള്‍.

അടുത്തിടെ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു ഫത്തേ ബജ്‌വയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അതേ സീറ്റില്‍ തനിക്കും താല്‍പ്പര്യമുണ്ടെന്ന് സഹോദരനായ പ്രതാപ് ബജ്‌വ പാര്‍ട്ടിയെ അറിയിച്ചു. സഹോദരനോട് തോല്‍ക്കുമെന്ന് കരുതിയാണ് ഫത്തേ ജംഗ് ബജ്‌വ ബിജെപിയില്‍ ചേര്‍ന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസിലെ തന്നെ മറ്റൊരു എംഎല്‍എയായ റാണ ഗുര്‍മീത് സോധി കഴിഞ്ഞയാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്ന് എംഎല്‍എമാരും മുന്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന്റെ വിശ്വസ്തരായിരുന്നു. അമരീന്ദര്‍ സിങ് കഴിഞ്ഞ മാസം രാജിവച്ച് സ്വന്തം പാര്‍ട്ടി ആരംഭിച്ചിരുന്നു.

എന്നാല്‍ അമരീന്ദര്‍ സിങ്ങിന്റെ പുതിയ സംഘടനയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിലേക്ക് പോകാതെ പകരം ബിജെപിയിലാണ് ഇവര്‍ മൂന്നുപേരും ചേര്‍ന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗ്, സുഖ്‌ദേവ് സിംഗ് ധിന്‍ഡ്‌സ എന്നിവരുമായി ബിജെപി സംഖ്യമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ കോണ്‍ഗ്രസ്, അകാലിദള്‍ നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it