Sub Lead

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കി സുപ്രിംകോടതി

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അയോഗ്യതാ നോട്ടീസ് ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വിമത എംഎല്‍എമാര്‍ക്ക് ആശ്വാസം. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി നല്‍കി. ജൂലൈ 12ന് 5.30നുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജിയില്‍ അതേദിവസം വീണ്ടും വാദം കേള്‍ക്കും. ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ക്ക് രേഖാമൂലമുള്ള മറുപടി നല്‍കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ നല്‍കിയ നോട്ടീസിന്റെ സമയപരിധി ഇന്ന് വൈകീട്ട് 5.30ന് അവസാനിക്കാനിരിക്കെയാണ് സുപ്രിംകോടതി സമയം നീട്ടി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട അഞ്ച് കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി അടുത്ത മാസം ഹരജി വീണ്ടും പരിഗണിക്കും. എംഎല്‍എമാരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശിച്ചു. വിമത എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക് മാറിയതോടെ ഇവരുടെ വീടുകള്‍ക്കും മറ്റും ആക്രമണ ഭീഷണിയുണ്ട്. ഇതുപരിഗണിച്ചാണ് എല്ലാ എംഎല്‍എമാര്‍ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പോലിസിനോട് നിര്‍ദേശിച്ചത്. എംഎല്‍എമാരുടെ സുരക്ഷയുടെ കാര്യത്തില്‍ മതിയായ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്രയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ മൊഴിയും കോടതി രേഖപ്പെടുത്തി.

ഇന്ന് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നിരജ് കിഷന്‍ കൗളും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയുമാണ് ഹാജരായത്. ഡെപ്യൂട്ടി സ്പീക്കര്‍ക്കും, മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയ കോടതി അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും നിര്‍ദേശമുണ്ട്. ജൂലൈ 11ന് കേസ് വീണ്ടും പരിഗണിക്കും. മറുപടി നല്‍കുന്നതുവരെ അയോഗ്യതാ നടപടികള്‍ നിര്‍ത്തിവച്ചൂടെ എന്ന് ഡെപ്യൂട്ടി സ്പീക്കറോട് ചോദിച്ച കോടതി, സത്യവാങ്മൂലം കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.

ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമത നീക്കത്തിന് പിന്നാലെ ഷിന്‍ഡേയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ വാദിക്കുന്നു.

രജിസ്റ്റര്‍ ചെയ്യാത്ത ഇ മെയിലില്‍ നിന്നാണ് നോട്ടീസ് അയച്ചതെന്നും അതിന്റെ സത്യാവസ്ഥ സംശയാസ്പദമായതിനാല്‍ അത് സ്വീകരിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വാദിച്ചു. അതിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ആശ്ചര്യപ്പെടുകയും എന്ത് നടപടി സ്വീകരിച്ചാലും സത്യവാങ്മൂലത്തില്‍ വിശദീകരിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Next Story

RELATED STORIES

Share it