Sub Lead

മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവം; പോലിസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചെന്ന് ഇടുക്കി എസ്പി

മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവം; പോലിസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചെന്ന് ഇടുക്കി എസ്പി
X

ഇടുക്കി: അടിമാലിയില്‍ മദ്യത്തില്‍ വിഷം ചേര്‍ത്ത് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പോലിസിനെ വഴിതെറ്റിക്കാന്‍ പ്രതി സുധീഷ് ശ്രമിച്ചെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ്. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യം വാങ്ങിയശേഷം ഇയാള്‍ അതില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. സിറിഞ്ച് ഉപയോഗിച്ചല്ല വിഷം കലര്‍ത്തിയത്, മദ്യക്കുപ്പിയുടെ അടപ്പ് തുറന്ന് കീടനാശി ഒഴിക്കുകയായിരുന്നെന്നും എസ്പി പറഞ്ഞു. പിന്നീട് മദ്യം വഴിയില്‍ കിടന്ന് കിട്ടിയതാണെന്ന് ഇയാള്‍ പ്രചരിപ്പിച്ചു.

ആളുകളെയും പോലിസിനെയും ഈ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സുധീഷിനായി. മദ്യക്കുപ്പി കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. പ്രതിയുടെ അമ്മാവനായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍ (40) ആണ് മരിച്ചത്. കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍, മദ്യത്തിന് അരുചി തോന്നിയതിനാല്‍ കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മനോജ് കുറച്ച് മാത്രമാണ് കുടിച്ചത്. അതിനാല്‍, മനോജിന് ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും രക്ഷപ്പെട്ടു.

വഴിയില്‍ കിടന്ന് മദ്യം ലഭിച്ചെന്ന് പറഞ്ഞ് അനില്‍കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരെ സുധീഷ് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍, സുധീഷ് മദ്യപിച്ചില്ല. അനില്‍കുമാറും കുഞ്ഞുമോനും മദ്യം തീരുന്നതുവരെ കഴിച്ചു. മദ്യം കഴിച്ച് അധിക സമയം കഴിയുന്നതിനു മുമ്പ് തന്നെ മൂവരും ഛര്‍ദ്ദി തുടങ്ങി. ഈ ഘട്ടത്തില്‍ പ്രതിയുടെ അമ്മാവനായ കുഞ്ഞുമോനെ മാത്രം രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചെന്നും പോലിസ് പറഞ്ഞു.

പ്രതി സുധീഷിനെ വിവിധ ഇടങ്ങളിലെത്തിച്ച് പോലിസ് ഇന്ന് തെളിവെടുക്കും. മദ്യം കഴിച്ച അപ്‌സരക്കുന്ന്, മദ്യം വാങ്ങിയ സ്ഥലം വിഷം വാങ്ങിയ കട എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുക്കുക. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരില്‍ സുഹൃത്ത് മനോജിനെ കൊല്ലാനാണ് മദ്യത്തില്‍ വിഷം കലര്‍ത്തിയതെ ന്ന് പ്രതി അന്വേഷണസംഘത്തേട് സമ്മതിച്ചിരുന്നു. അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it