Sub Lead

ഉവൈസിയുടെ വസതിക്കു നേരെ വീണ്ടും ഹിന്ദുത്വരുടെ അതിക്രമം; ഇസ്രായേല്‍ അനുകൂല പോസ്റ്ററും കറുത്ത മഷിയും പതിച്ചു(വീഡിയോ)

ഉവൈസിയുടെ വസതിക്കു നേരെ വീണ്ടും ഹിന്ദുത്വരുടെ അതിക്രമം;   ഇസ്രായേല്‍ അനുകൂല പോസ്റ്ററും കറുത്ത മഷിയും പതിച്ചു(വീഡിയോ)
X

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍(എഐഎംഐഎം) തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ഡല്‍ഹിയിലെ വസതിക്കു നേരെ വീണ്ടും ഹിന്ദുത്വരുടെ അതിക്രമം. 34 അശോക റോഡിലുള്ള ഉവൈസിയുടെ വീടിന്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റില്‍ കറുത്ത മഷി ഒഴിക്കുകയും നെയിംപ്ലേറ്റിനു മുകളില്‍ 'ഭാരത് മാതാ കീ ജയ്', 'ഐ സ്റ്റാന്റ് വിത്ത് ഇസ്രായേല്‍' തുടങ്ങിയ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ വീഡിയോ അസദുദ്ദീന്‍ ഉവൈസി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.


തന്റെ ഡല്‍ഹിയിലെ വീട് ചില 'അജ്ഞാതരായ അക്രമികള്‍' ആക്രമിച്ചെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയാത്ത ഡല്‍ഹി പോലിസിന്റെ നടപടിയില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ എന്റെ വസതിയെ എത്ര തവണ ലക്ഷ്യം വച്ചുവെന്നതിന്റെ എണ്ണം ഇപ്പോള്‍ എനിക്ക് തന്നെ അറിയില്ലെന്നും ഉവൈസി പോസ്റ്റ് ചെയ്തു. ഉവൈസിയുടെ വീടിന് പുറത്തുള്ള നെയിംപ്ലേറ്റില്‍ കുറഞ്ഞത് അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇസ്രായേല്‍ അനുകൂല പോസ്റ്ററുകള്‍ ഒട്ടിച്ചത്. ഇതിനുശേഷം 'ഭാരത് മാതാ കീ ജയ്', 'ജയ് ശ്രീറാം' എന്നീ മുദ്രാവാക്യങ്ങളും സംഘം ഉയര്‍ത്തി. മറ്റൊരു വീഡിയോയില്‍, ഇസ്രായേല്‍ അനുകൂല പോസ്റ്റര്‍ ഒട്ടിച്ച ശേഷം അക്രമികളിലൊരാള്‍, 'ഭാരത് മാതാ കീ ജയ്' എന്ന് പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. 'ഞങ്ങള്‍ ഇത് ചെയ്തു, രാജ്യത്തെ 140 കോടി ജനങ്ങളും ഇത് ചെയ്യണം. ഉവൈസി ഉള്‍പ്പെടെയുള്ള 'ഭാരത് മാതാ കീ ജയ്' പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് അക്രമികളിലൊരാള്‍ പറയുന്നത്. ആക്രമണം ആവര്‍ത്തിക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഉവൈസി കുറ്റപ്പെടുത്തി. എക്‌സ് പോസ്റ്റില്‍ അമിത്ഷായെ ടാഗ് ചെയ്ത അദ്ദേഹം താങ്കളുടെ മേല്‍നോട്ടം കൊണ്ടാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ മൂക്കിന് താഴെ ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ അവര്‍ നിസ്സഹായത പ്രകടിപ്പിച്ചു. അമിത്ഷാ ഇത് നിങ്ങളുടെ മേല്‍നോട്ടത്തിലാണ് സംഭവിക്കുന്നത്. ഓംബിര്‍ളാ, എംപിമാരുടെ സുരക്ഷ ഉറപ്പുനല്‍കുമോ ഇല്ലയോ എന്ന് ഞങ്ങളോട് പറയൂ എന്നും ഉവൈസി ട്വീറ്റ് ചെയ്തു. അക്രമികളുടേത് ധിക്കാരമാണെന്നും ഭീരുക്കളാണവരെന്നും ഇത്തരം ആക്രമണങ്ങള്‍ക്കു പകരം തന്നെ നേരിട്ട് നേരിടാന്‍ അവരെ വെല്ലുവിളിക്കുന്നതായും ഉവൈസി പ്രതികരിച്ചു. 'എന്റെ വീടിനെ നിരന്തരം ആക്രമിക്കുന്ന ഗുണ്ടകളോട്: ഇത് എന്നെ ഭയപ്പെടുത്തുന്നില്ല. ഈ സവര്‍ക്കറുടെ ഭീരുത്വ പെരുമാറ്റം നിര്‍ത്തുക, എന്നെ അഭിമുഖീകരിക്കാന്‍ മതിയായ മനുഷ്യരാവുക. കുറച്ച് മഷി എറിഞ്ഞോ കുറച്ച് കല്ലെറിഞ്ഞോ ഓടിപ്പോവരുതെന്നും അദ്ദേഹം കുറിച്ചു.

അസദുദ്ദീന്‍ ഉവൈസി ലോക്‌സഭയില്‍ പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് തൊട്ടുപിന്നാലെയാണ് ആക്രമണം. എംപിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ ഏതാനും ബിജെപി എംപിമാര്‍ ജയ് ശ്രീറാം വിളിച്ചിരുന്നു. എന്നാല്‍, അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഉവൈസി അവസാനം ജയ് ഭീം, ജയ് ഫലസ്തീന്‍ എന്ന മുദ്രാവാക്യത്തോടെയാണ് അവസാനിപ്പിച്ചത്. ഉവൈസിയുടെ ഫലസ്തീന്‍ അനുകൂല പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് ഉവൈസി ഉറച്ചുനിന്നു. ഉവൈസിക്കെതിരേ രണ്ട് പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അഞ്ചാം തവണയും ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ഉവൈസി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥതയോടെ ഉന്നയിക്കുന്നത് തുടരുമെന്നും എക്‌സില്‍ ഒരു പോസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it