Sub Lead

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം: ഒഐസിയുടെ വിമര്‍ശനം തള്ളി ഇന്ത്യ

ഒഐസി സെക്രട്ടേറിയറ്റിന്റെ 'അനാവശ്യവും സങ്കുചിതവുമായ അഭിപ്രായങ്ങള്‍' ഇന്ത്യ നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ന്യൂഡല്‍ഹി എല്ലാ മതങ്ങളോടും പരമോന്നത ബഹുമാനം നല്‍കുന്നുണ്ടെന്നു അദ്ദേഹം ആവര്‍ത്തിച്ചു.

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം:  ഒഐസിയുടെ വിമര്‍ശനം തള്ളി ഇന്ത്യ
X

ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) നടത്തിയ വിമര്‍ശനം തള്ളി ഇന്ത്യ. ഒഐസി സെക്രട്ടേറിയറ്റിന്റെ 'അനാവശ്യവും സങ്കുചിതവുമായ അഭിപ്രായങ്ങള്‍' ഇന്ത്യ നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ന്യൂഡല്‍ഹി എല്ലാ മതങ്ങളോടും പരമോന്നത ബഹുമാനം നല്‍കുന്നുണ്ടെന്നു അദ്ദേഹം ആവര്‍ത്തിച്ചു.

ഇന്ത്യ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തെയോ മതപരമായ വ്യക്തിത്വങ്ങളെയോ ആക്ഷേപിക്കുന്നത് ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതൊരിക്കലും രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒഐസി വീണ്ടും രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഖേദമുണ്ട്. ഇത് തുറന്നുകാട്ടുന്നത് ഒഐസിയുടെ വിഭാഗീയതയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ബിജെപി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പരാരമര്‍ശത്തിനിടെ രാജ്യവ്യാപകമായും അന്താരാഷ്ട്രതലത്തിലും പ്രതിഷേധങ്ങള്‍ കടുത്തതോടെ ഇവരെ പുറത്താക്കാന്‍ ബിജെപി നിര്‍ബന്ധിതരായിരുന്നു.

ടൈംസ് നൗവില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബിജെപി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരേ വിദ്വേഷ പ്രചാരണം നടത്തിയത്. ഇസ്‌ലാമില്‍ പരിഹസിക്കാന്‍ പാകത്തിന് ചിലതുണ്ടെന്ന് പറഞ്ഞായിരുന്നു പ്രവാചകനെക്കുറിച്ചും പ്രവാചക പത്‌നിയെക്കുറിച്ചും മോശം പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ രാജ്യത്തിനകത്തും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഖത്തര്‍, ഇറാന്‍, കുവൈത്ത്, സൗദി എന്നിവരുള്‍പ്പെടെയുള്ള രാജ്യങ്ങളും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it