Sub Lead

വില കുറയാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍; എണ്ണ ഇറക്കുമതി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു

വില കുറയാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍; എണ്ണ ഇറക്കുമതി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ പണം വന്‍തോതില്‍ വിദേശത്തേക്ക് പോവുന്നതില്‍ ഒരു ഘടകം എണ്ണ ഇറക്കുമതിയാണ്. ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുന്നത്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി. യുഎഇയുമായി അടുത്തിടെ രൂപയില്‍ ഇടപാട് നടത്തിയിരുന്നു. ബാക്കിയുള്ള രാജ്യങ്ങളുമായി ഡോളറിലാണ് ഇടപാട്. വില കുറയുമ്പോള്‍ കൂടുതല്‍ വാങ്ങുക എന്ന സാധാരണ സാമ്പത്തിക തന്ത്രമാണ് എണ്ണയുടെ കാര്യത്തിലും ഇന്ത്യ പയറ്റുന്നത്. കൊവിഡ് കാലത്ത് ലോകം സ്തംഭിച്ച വേളയില്‍ എണ്ണവില കുത്തനെ കുറഞ്ഞിരുന്നു. അവസരം മുതലെടുത്ത് ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങിക്കൂട്ടുകയും പ്രധാനപ്പെട്ട സംഭരണികളെല്ലാം നിറയ്ക്കുകയും ചെയ്തു.

സമാനമായ പദ്ധതി ഇപ്പോള്‍ നിര്‍ത്തിവയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബ്ലൂംബെര്‍ഗ്, ഓയില്‍പ്രൈസ് ഡോട്ട് കോം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ പ്രധാന എണ്ണ സംഭരണികള്‍ നിറയ്ക്കുന്നത് 600 ദശലക്ഷം ഡോളര്‍ ചെലവുള്ള പദ്ധതിയാണ്. നിലവില്‍ 75 ഡോളറിന് മുകളിലാണ് ബാരല്‍ വില. ഭാവിയില്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മനസ്സിലാക്കുന്നു. എണ്ണ സംഭരണികള്‍ നിറയ്ക്കാന്‍ വലിയ ചെലവാണ്. ഇതാവട്ടെ ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ത്തുകയും ചെയ്യുന്നു. എല്ലാ സംഭരണികളും നിറയ്ക്കുക എന്ന പദ്ധതി മരവിപ്പിച്ചാല്‍ വ്യാപാര കമ്മി കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല, സമീപ ഭാവിയില്‍ തന്നെ എണ്ണ വില കുറയാനുള്ള സാധ്യതയുമുണ്ട്. ഈ വേളയില്‍ വാങ്ങാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരിയിലും ഫെബ്രുവരിയിലും ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ വില സൗദി അറേബ്യ കുറച്ചിട്ടുണ്ട്. ഇത് നേട്ടമായി ഇന്ത്യ കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ വലിയ അളവില്‍ വാങ്ങാന്‍ തുടങ്ങിയാല്‍ വില സൗദി ഉയര്‍ത്തിയേക്കാം. അതുകൊണ്ട് തന്നെ വാങ്ങുന്നത് കുറയ്ക്കാനും ഇനിയും വില കുറയുന്നത് കാത്തിരിക്കാനുമാണ് ആലോചന എന്നാണ് വാര്‍ത്തകള്‍. വില കുറയുന്ന വേളയില്‍ കൂടുതല്‍ വാങ്ങി ലാഭമുണ്ടാക്കാം.

ഉപയോഗിക്കാതെ കിടക്കുന്ന എണ്ണ സംഭരണികള്‍ പ്രധാന എണ്ണ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടത്രെ. ഇന്ത്യയുടെ ഭൂമിക്കടിയിലെ എണ്ണ സംഭരണ കേന്ദ്രങ്ങളുടെ മൊത്തം ശേഷി 39 ദശലക്ഷം ബാരല്‍ ആണ്. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പാഡൂര്‍ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍. കൊവിഡ് വ്യാപിച്ച 2020 ഏപ്രില്‍-മെയ് കാലത്ത് എണ്ണ വില ആഗോള വിപണിയില്‍ കുത്തനെ കുറഞ്ഞിരുന്നു. ബാരലിന് 19 ഡോളറിലായിരുന്നു അന്നത്തെ വില്‍പ്പന. അവസരം മുതലെടുത്ത് ഇന്ത്യ എല്ലാ സംഭരണികളും നിറച്ചു. അതുവഴി 700 ദശലക്ഷം ഡോളറാണ് ലാഭിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ബാരലിന് 95 ഡോളറായിരുന്നു വില. ഇപ്പോള്‍ 80 ഡോളറില്‍ താഴെയാണ്. ഇനിയും വില കുറയുമെന്നാണ് കരുതുന്നത്. വില കുറയുമ്പോള്‍ എണ്ണ കൂടുതല്‍ വാങ്ങാമെന്നാണ് പുതിയ ആലോചന. മാത്രമല്ല, ആന്ധ്രയില്‍ നേരിയ തോതില്‍ ഉല്‍പ്പാദനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it