Sub Lead

ചന്ദ്രനില്‍ കെട്ടിടനിര്‍മാണം..!!!; ഞെട്ടേണ്ട, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഗവേഷണത്തിലാണ്

ഏതായാലും ചന്ദ്രനില്‍ ഫ്‌ളാറ്റ് വില്‍പ്പനയ്ക്ക് എന്ന പരസ്യം അതിവിദൂരമല്ലാത്ത ഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാമെന്നര്‍ത്ഥം.

ചന്ദ്രനില്‍ കെട്ടിടനിര്‍മാണം..!!!; ഞെട്ടേണ്ട, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഗവേഷണത്തിലാണ്
X

ബെംഗളൂരു: ഭൂമിയില്‍ ജനസംഖ്യ കൂടിക്കൂടി വരുന്നു. ഇങ്ങനെ പോയാല്‍ താമസിക്കാന്‍ തന്നെ സ്ഥലമില്ലാതാവുമോയെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍പിന്നെ താമസം ചന്ദ്രനിലേക്ക് മാറ്റിയാലോ. ചിരിച്ചുതള്ളാന്‍ വരട്ടെ. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഇത്തരമൊരു ഗവേഷണത്തിലാണ്. ഭാവിയില്‍ ചന്ദ്രനില്‍ കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചെലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും ഐഎസ്ആര്‍ഒയിലെയും ശസ്ത്രജ്ഞര്‍. ഇതിനായി കട്ടകള്‍ പോലെയുള്ള ഭാരം താങ്ങാന്‍ സാധിക്കുന്ന പദാര്‍ഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം. പ്രത്യേകതരം ബാക്ടീരിയകള്‍, ചന്ദ്രനിലെ മണ്ണ്, അമരപ്പയര്‍ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകള്‍ നിര്‍മിക്കാനാവുമോയെന്നാണ് പഠനം നടത്തുന്നതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങും ഒന്നിച്ചാണ് ഗവേഷണം നടത്തുന്നത്.

ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തെത്തിക്കാന്‍ നിലവില്‍ ഏകദേശം 7.5 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ചെലവ് കുറഞ്ഞ കെട്ടിടനിര്‍മാണം കണ്ടെത്താനായാല്‍ ഏറെ ഉപകാരപ്പെടും. മനുഷ്യരുടെ മൂത്രത്തില്‍ പ്രധാനമായും കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനില്‍ നിര്‍മാണങ്ങള്‍ നടത്താമെന്നാണ് ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരുടെ നിഗമനം. ഇതുവഴി ചെലവ് വന്‍തോതില്‍ കുറയ്ക്കാനാവുമെന്നും കണക്കുകൂട്ടുന്നു. അമരപ്പയറില്‍ നിന്ന് വേര്‍തിരിക്കുന്ന പശ ഉപയോഗിച്ചാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കാനാവും.

ഇത്തരം നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒന്ന് സ്പോറോസാക്കറിന പാസ്റ്റെയുറില്‍ എന്ന ബാക്ടീരിയയാണ്. ഇതിനു കാല്‍സ്യം കാര്‍ബണേറ്റ് ക്രിസ്റ്റലുകള്‍ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. യുറിയ, കാല്‍സ്യം എന്നിവ ഉപയോഗിച്ചാണ് ബാക്ടീരിയ കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവയെല്ലാം ഉപയോഗിച്ച് നിര്‍മാണം നടത്താനാവുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ മണ്ണില്‍ ഈ ബാക്ടീരിയകളെ സംയോജിപ്പിക്കും. ഇതിലേക്ക് യൂറിയ, കാല്‍സ്യം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കും. ഇതിന്റെ കൂടെ ബലം കൂട്ടാനായി അമരപ്പയര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പശയും ചേര്‍ക്കും. ഇത്തരത്തില്‍ നിര്‍മിച്ചെടുക്കുന്നതിനെ ഏത് രൂപത്തിലേക്ക് മാറ്റാനാകുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്പോറോസാക്കറിന പാസ്റ്റെയുറില്‍ എന്ന ബാക്ടീരിയയ്ക്ക് ചെലവ് കൂടുതലായതിനാല്‍ പകരം ബാസിലസ് വെലെസെന്‍സിസ് എന്നയിനം ബാക്ടീരിയകളെ ഉപയോഗിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയാവട്ടെ ഇന്ത്യയിലെ മണ്ണില്‍ ധാരാളം കാണപ്പെടുന്നതും ചെലവ് കുറഞ്ഞ രീതിയില്‍ വേര്‍തിരിച്ചെടുത്ത് വളര്‍ത്താന്‍ സാധിക്കുന്നവയുമാണെന്നതും ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഏതായാലും ചന്ദ്രനില്‍ ഫ്‌ളാറ്റ് വില്‍പ്പനയ്ക്ക് എന്ന പരസ്യം അതിവിദൂരമല്ലാത്ത ഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാമെന്നര്‍ത്ഥം.

Indian Scientists Make Space Bricks With Urea For Buildings On Moon



Next Story

RELATED STORIES

Share it