Sub Lead

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജികള്‍ ഫയല്‍ ചെയ്തതായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇത് സംബന്ധമായ വക്കാലത്തില്‍ ഒപ്പുവച്ചു. നേരത്തേ, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ മുസ് ലിംലീഗ് ഉള്‍പ്പെടെ നല്‍കിയ ഹരജിയില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെയാണ് ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട് 200ഓളം ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.

സിഎഎ നടപ്പാക്കുന്നത് ഉടന്‍ സ്‌റ്റേ ചെയ്യണമെന്നാണ് ഇടക്കാല അപേക്ഷയിലെ പ്രധാന ആവശ്യം. നിയമനിര്‍മ്മാണം പ്രകടമായും ഏകപക്ഷീയമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. നിയമം പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വര്‍ഗീകരണം ഏര്‍പ്പെടുത്തുകയും ചെയ്തതിനാല്‍ ഇത് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി സ്‌റ്റേ ചെയ്യണമെന്നും ഹരജിക്കാരന്‍ വാദിച്ചു. കോടതിയുടെ അന്തിമ തീരുമാനം വരെ സിഎഎ നടപ്പാക്കുന്നത് മാറ്റിവച്ചാല്‍ ഒരു മുന്‍വിധിയും ഉണ്ടാകില്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു. കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് എതിരല്ലെന്നും എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുന്നതിനോട് മാത്രമാണ് എതിര്‍പ്പെന്നും മുസ് ലിംലീഗ് വ്യക്തമാക്കി. 'സിഎഎ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നതിനാല്‍, അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയായ മതേതരത്വ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്. അതിനാല്‍, നിയമം നടപ്പിലാക്കുന്നതിനുള്ള ഒരു മാര്‍ഗം അതിനെ മതത്തെ നിഷ്പക്ഷമാക്കി മാറ്റുക എന്നതാണ്. എല്ലാ കുടിയേറ്റക്കാര്‍ക്കും അവരുടെ മതപരമായ പദവി പരിഗണിക്കാതെ പൗരത്വം നല്‍കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

റിട്ട് ഹരജി തീര്‍പ്പാക്കുന്നതുവരെയുള്ള നിയമങ്ങള്‍ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ള ആനുകൂല്യം നിഷേധിക്കപ്പെട്ട മുസ് ലിം സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്കെതിരേ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ സിഎഎ പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ നല്‍കിയ റിട്ട് ഹരജികള്‍ 2022 ഒക്ടോബര്‍ 31നാണ് അവസാനമായി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it