Sub Lead

ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്‌കാരം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങള്‍ അറിയിച്ചു

ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്‌കാരം
X

ന്യൂഡല്‍ഹി: രാജ്യത്തെ ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം.ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാര്‍ഡുകളില്‍ ഒന്നാണ് ആശ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.ഗ്രാമീണ ഇന്ത്യയില്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരത്തിനുമാണ് പുരസ്‌കാരം.ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്‌സ് പുരസ്‌കാരം ഇന്നലെ 75 ാം ലോകാരോഗ്യ അസംബ്ലിയുടെ ലൈവ് സ്ട്രീമിങ്ങിലാണു പ്രഖ്യാപിച്ചത്.

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങള്‍ അറിയിച്ചു.ആരോഗ്യ ഇന്ത്യയുടെ മുന്നണി പോരാളികളാണ് ആശ വര്‍ക്കര്‍മാരെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ അര്‍പ്പണബോധവും, നിശ്ചയദാര്‍ഡ്യവും പ്രശംസനീയമെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശ പ്രവര്‍ത്തകര്‍ക്കാണ് ആരോഗ്യമേഖലയിലെ അതുല്യ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ജനീവയില്‍ ലോകാരോഗ്യ അസംബ്ലിയില്‍ ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്‌റോസ് അധാനോമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.അഫ്ഗാനിസ്ഥാനില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച പോളിയോ വാക്‌സീന്‍ ദൗത്യ സംഘത്തിനും പുരസ്‌കാരമുണ്ട്.

ഇന്ത്യയിലെ ആശ സേന കൊവിഡ് കാലത്തടക്കം നല്‍കിയത് വിലമതിക്കാനാവാത്ത സേവനമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.വാക്‌സിന്‍ മൂലം തടയാന്‍ കഴിയുന്ന രോഗങ്ങള്‍ക്കെതിരെ കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പും മാതൃ പരിചരണവും നല്‍കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ മുന്‍കൈയെടുക്കുന്നതിനെ ലോകാരോഗ്യസംഘടന പ്രശംസിച്ചു. ഗ്രാമീണ ഇന്ത്യയില്‍ വിലമതിക്കാനാവാത്ത സേവനമാണ് ആശ പ്രവര്‍ത്തകര്‍ നല്‍കുന്നതെന്ന് ലോകാരോഗ്യ സംഘടന അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി രാജ്യത്ത് ആശപ്രവര്‍ത്തകരെ നിയോഗിച്ച് തുടങ്ങിയത് 2005 ല്‍ ആയിരുന്നു. 2012 ആയപ്പോഴേക്കും രാജ്യമാകെ ഈ സന്നദ്ധസേന പടര്‍ന്നു.മാതൃശിശു ആരോഗ്യം ഉറപ്പാക്കല്‍, പ്രതിരോധ കുത്തിവെപ്പ് അവബോധം ഉണ്ടാക്കല്‍, അവശ്യ സമയത്ത് പ്രഥമ ശുശ്രൂഷ നല്‍കല്‍, പകര്‍ച്ചവ്യാധി മുന്‍കരുതലുകള്‍ പഠിപ്പിക്കുക, കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക എന്നിവയാണ് ആശ പ്രവര്‍ത്തകരുടെ ചുമതലകള്‍. എന്നാല്‍ കൊവിഡ് മഹാമാരിയുടെ കാലത്ത് അസാധാരണമായ ആ വെല്ലുവിളി നേരിടാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതില്‍ ആശ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

രണ്ട് മാസത്തോളം നീളുന്ന പരിശീലനത്തിന് ശേഷമാണ് ഓരോ ആശ പ്രവര്‍ത്തകയും സേവനം ആരംഭിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പ് അംഗന്‍വാടി ജീവനക്കാരുമായും സഹകരിച്ചാണ് ആശ വര്‍ക്കര്‍ പ്രവര്‍ത്തിക്കുന്നത്. പത്താംക്ലാസ് എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകളെയാണ് ആശ സേവനത്തിനായി നിയോഗിക്കുന്നത്. രാജ്യത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ ആരോഗ്യ ദൗത്യ സംഘം ഇപ്പൊള്‍ ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരത്തോടെ എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്ന ഒരു മികച്ച മാതൃകയായിരിക്കുന്നു.

Next Story

RELATED STORIES

Share it