Sub Lead

അഭയംതേടി മഹാനഗരങ്ങളിൽ നിന്ന്‌ ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ലോക്ക് ഡൗണിന് പിന്നാലെ പട്ടിണിയിലായ ലക്ഷക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബാം​ഗങ്ങളുമാണ് തലസ്ഥാന ന​ഗരിയിൽ നിന്ന് പലായനം ചെയ്യുന്നത്.

അഭയംതേടി മഹാനഗരങ്ങളിൽ നിന്ന്‌ ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം
X

ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് അഭയംതേടി മഹാനഗരങ്ങളിൽ നിന്ന്‌ ഗ്രാമങ്ങളിലേക്കുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നു. നിയന്ത്രണകാലത്ത് സംസ്ഥാനാന്തരയാത്ര നടത്തുന്നത് അപകടകരമാണെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.


ലോക്ക് ഡൗണിന് പിന്നാലെ പട്ടിണിയിലായ ലക്ഷക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബാം​ഗങ്ങളുമാണ് തലസ്ഥാന ന​ഗരിയിൽ നിന്ന് പലായനം ചെയ്യുന്നത്. എല്ലാ നിയന്ത്രണങ്ങളും തള്ളി സ്‌ത്രീകളും കുട്ടികളും വൃദ്ധരും അടക്കം കാൽനടയായും ഉന്തുവണ്ടികളിലും ഇതിനകം നൂറുകണക്കിനു കിലോമീറ്റർ താണ്ടി. ഉത്തർപ്രദേശ്‌, ബിഹാർ, മധ്യപ്രദേശ്‌, ജാർഖണ്ഡ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറിയപങ്കും.


ഇവർക്ക് എത്തിച്ചേരേണ്ട ഗ്രാമങ്ങളിൽ ആരോഗ്യസംവിധാനങ്ങൾ അങ്ങേയറ്റം പരിമിതമാണ്‌. മടങ്ങിവരുന്നവരെ പ്രവേശിപ്പിക്കാൻ പല ഗ്രാമങ്ങളും തയ്യാറല്ല. പുറത്തുനിന്നുള്ളവരെ 14 ദിവസത്തെ നിരീക്ഷണവാസത്തിനുശേഷം കുടുംബങ്ങളിലേക്ക്‌ അയച്ചാൽ മതിയെന്ന്‌ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്‌. കൂട്ടത്തോടെ എത്തുന്നവരെ ബാഹ്യസമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സംവിധാനമില്ലെന്ന്‌ അധികൃതർ സമ്മതിക്കുന്നു.


തൊഴിലാളികൾ കാൽനടയായി ദീർഘദൂരം സഞ്ചരിക്കുന്നത്‌ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ യുപി സര്‍ക്കാര്‍ അതിർത്തികളിലേക്ക്‌ ബസ് അയച്ചത്‌ കൂട്ടക്കുഴപ്പത്തിനിടയാക്കി. ഡൽഹിയിലെ അന്തർ സംസ്ഥാന ബസ്‌ ടെർമിനലായ ആനന്ദ്‌ വിഹാറില്‍ ബസില്‍ കയറാന്‍ തൊഴിലാളികളുടെ വരി രണ്ടു കിലോമീറ്ററിലേറെ നീണ്ടു. ശരീരോഷ്‌മാവ്‌ അളക്കൽ പ്രഹസനമായി. ഓരോ ബസിലും ഇരിക്കാവുന്നതിന്റെ മൂന്നിരട്ടി ആളുകൾ കയറിപ്പറ്റി. യാത്ര സൗജന്യമാകുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും പൂർണ നിരക്ക്‌ ഈടാക്കി.

കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക്‌ കർശനമായി തടയണമെന്ന്‌ കേന്ദ്രം സംസ്ഥാനങ്ങളോട്‌ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന, ജില്ലാ അതിർത്തികൾ പൂർണമായി അടയ്‌ക്കണം. കുടിയേറ്റ തൊഴിലാളികളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന കെട്ടിട ഉടമകൾക്കെതിരേ നടപടി സ്വീകരിക്കണം. തൊഴിലാളികൾക്ക്‌ ഭക്ഷണവും പരിരക്ഷയും ഉറപ്പാക്കണം. അടച്ചുപൂട്ടൽ കാലത്തെ വേതനം തൊഴിലുടമകൾ നൽകണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക്‌ അയച്ച കത്തിൽ പറഞ്ഞു.


അതിർത്തികളെല്ലാം അടച്ചതോടെ തൊഴിലാളികൾ പലരും വനപാതകൾ തിരഞ്ഞെടുക്കുന്നതായും റിപോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്കുള്ള യാത്രക്കിടയിൽ കുഴഞ്ഞുവീണ് ഒരു തൊഴിലാളി മരണപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ തള്ളി തൊഴിലാളികൾ കൂട്ടപ്പലായനത്തിന് വിധേയരാകുമ്പോൾ ഇവർക്ക് നേരേയുള്ള പോലിസ് അതിക്രമങ്ങളും വൻതോതിൽ നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it