Sub Lead

ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകന് പഞ്ചാബില്‍ ജയം

ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകന് പഞ്ചാബില്‍ ജയം
X

ചണ്ഡിഗഡ്: പഞ്ചാബിലെ ഫരീദ്കോട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരബ്ജീത് സിങ് ഖല്‍സക്ക് വിജയം. 70,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഖല്‍സ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ കരംജീത് സിങ് അന്‍മോലിനെ പരാജയപ്പെടുത്തിയാണ് ഖല്‍സ വിജയം സ്വന്തമാക്കിയത്. 2,28,009 വോട്ടാണ് എ.എ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. 1,60,357 വോട്ടാണ് മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരംജീത് കൗര്‍ സഹോകെ നേടിയത്.

ശിരോമണി അകാലി ദളിന്റെ രാജ്വീന്ദര്‍ സിങ് ധരംകോത് 1,38,251 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹന്‍സ് രാജ ഹന്‍സ് 1,23,533 വോട്ടും നേടി. സി.പി.ഐ മണ്ഡലത്തില്‍ ആറാമതെത്തി. 14,950 വോട്ടാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി ഗുര്‍ചരണ്‍ സിങ് മന്‍ നേടിയത്.

ഇന്ദിര ഗാന്ധിയുടെ അംഗരക്ഷനും ഘാതകരില്‍ ഒരാളുമായ ബിയാന്ത് സിങ്ങിന്റെ മകനാണ് സബ്ജീത് സിങ് ഖല്‍സ. 1984 ഒക്ടോബര്‍ 31നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവരുടെ അംഗരക്ഷകരായ ബിയാന്ത് സിങ്ങിന്റെയും സത്വന്ത് സിങ്ങിന്റെയും വെടിയേറ്റ് കൊല്ലപ്പെടുന്നത്. സിഖ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചായിരുന്നു ഇവര്‍ പ്രധാനമന്ത്രിക്കെതിരെ നിറയൊഴിച്ചത്. 2015ല്‍ സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹേബിനെ അവഹേളിച്ചതിന് പിന്നാലെ നടന്ന അനിഷ്ടസംഭവങ്ങളും രണ്ട് പേരുടെ മരണവുമടക്കം ഉയര്‍ത്തിക്കാണിച്ചാണ് ഖല്‍സ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

ഇതിന് പുറമെ ബന്ധി സിങ് (ജയില്‍വാസം പൂര്‍ത്തിയായിട്ടും തടവില്‍ കഴിയുന്ന സിഖുകാര്‍), നദീജല പ്രശ്നം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവില അടക്കമുള്ളവയും പ്രചാരണത്തിനിടെ ഖല്‍സ ഉയര്‍ത്തിക്കാട്ടിയിരുന്നു. 2004ല്‍ ബതിന്‍ഡ മണ്ഡലത്തില്‍ ശിരോമണി അകാലി ദള്‍ (അമൃത്സര്‍) ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും 1.3 ലക്ഷത്തിലധികം വോട്ടുകള്‍ അദ്ദേഹം നേടിയിരുന്നു.2007ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബര്‍ണായിലെ ബാദൗര്‍ സീറ്റില്‍ നിന്നും 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫത്തേഗഡ് സാഹിബ് സീറ്റില്‍ ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it