Sub Lead

ഫാ. സ്റ്റാന്‍ സ്വാമിയുടേത് മനുഷ്യത്വരഹിത ഭരണകൂടത്തിന്റെ കൊലപാതകം: ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

നിശബ്ദരായിരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും കണക്ക് പറയിപ്പിക്കുമെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫാ. സ്റ്റാന്‍ സ്വാമിയുടേത് മനുഷ്യത്വരഹിത ഭരണകൂടത്തിന്റെ കൊലപാതകം: ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും
X

പൂനെ: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടേത് സ്വാഭാവിക മരണമല്ലെന്നും മനുഷ്യത്വരഹിതമായ ഭരണകൂടം നടത്തിയ കൊലപാതമാണെന്നും ഭീമാ കൊറേഗാവ് ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ കടുത്ത വേദനയും നടുക്കവുമുണ്ടായി. ഇതൊരു സ്വാഭാവിക മരണമല്ല, മറിച്ച് ഒരു മനുഷ്യത്വരഹിതമായ ഭരണകൂടം ചെയ്ത സ്ഥാപനപരമായ കൊലപാതകമാണ്. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ ജീവിതം ചെലവഴിക്കുകയും അവരുടെ വിഭവങ്ങള്‍ക്കും ഭൂമിക്കും മേലുള്ള അവകാശത്തിനായി പോരാടുകയും ചെയ്ത ഫാ. സ്റ്റാന്‍ സ്വാമി ഈ രീതിയിലല്ല മരണപ്പെടേണ്ടത്. പ്രതികാര രാഷ്ട്രീയത്താല്‍ വ്യാജമായി തടവിലാക്കപ്പെടുകയാണുണ്ടായത്.

ഭീമാ കൊറെഗാവ് കേസില്‍ അറസ്റ്റ് ചെയ്ത് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ജയിലിലടച്ച 16 പേരില്‍ ഒടുവിലത്തെ ആളാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗം മൂലം ബുദ്ധിമുട്ടിയ 84 വയസ്സുകാരനായ ഫാദര്‍ സ്റ്റാന്‍ അറസ്റ്റിലായവരില്‍ ഏറ്റവും പ്രായമുള്ളയാളും ദുര്‍ബലനുമായിരുന്നു. ആരോഗ്യസ്ഥിതി മോശമായിട്ടും തന്റെ ആദര്‍ശത്തിലെ കരുത്തും അചഞ്ചലമായ സമഗ്രതയും കൊണ്ട് അദ്ദേഹം എല്ലാവരേയും പ്രചോദിപ്പിച്ചു. ജയിലില്‍ സ്വന്തം ആരോഗ്യം മോശമായിരുന്നിട്ടും, അദ്ദേഹത്തിന്റെ ചിന്തകളും പ്രാര്‍ഥനകളും എല്ലായ്‌പ്പോഴും സഹ തടവുകാരെ കുറിച്ചായിരുന്നു. തന്നോടൊപ്പം ജയിലില്‍ കഴിയുന്നവരെ കുറിച്ചും വ്യത്യസ്തമായ കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളെക്കുറിച്ചുമാണ് അദ്ദേഹം അയച്ച കത്തുകളില്‍ വ്യാകുലപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സൗമ്യതയും മാനവികതയും അനുകമ്പയും ഓര്‍മിക്കുമ്പോള്‍ തുറുങ്കിലടച്ചതിന്റെ അനീതി നമുക്ക് മറക്കാന്‍ കഴിയില്ല. വയോധികനാണെന്നും അനാരോഗ്യമുള്ളയാളാണെന്നും അറിഞ്ഞിട്ടും കൊവിഡ് മഹാമാരിക്കിടയിലാണ് അദ്ദേഹത്തെ ജയിലിലടച്ചത്. 2020 ഒക്ടോബര്‍ എട്ടിന് അറസ്റ്റിലായപ്പോഴേക്കും അദ്ദേഹത്തിനെതിരായ അന്വേഷണം പൂര്‍ത്തിയായിരുന്നു. മാത്രമല്ല അദ്ദേഹം എവിടേക്കെങ്കിലും രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലുമായിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്ത് നവി മുംബൈയിലെ തലോജ ജയിലിലടയ്ക്കുകയായിരുന്നു.

അറസ്റ്റിലായപ്പോല്‍ തന്റെ കംപ്യൂട്ടറില്‍ നിന്ന് കണ്ടെടുത്ത ചില രേഖകളെ അടിസ്ഥാനമാക്കി മാവോവാദി ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ ആരോപിക്കുന്നതായി ഫാ. സ്റ്റാന്‍ സ്വാമി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇത് മുമ്പ് കണ്ടിട്ടില്ലാത്തതും തീര്‍ച്ചയായും കംപ്യൂട്ടറില്‍ തിരുകിക്കയറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഴ്‌സനല്‍ കണ്‍സള്‍ട്ടിങിന്റെയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും അന്വേഷണത്തില്‍ ഇക്കാര്യം വെളിപ്പെടുകയും ഭീമാ കൊറേഗാവ് കേസിലെ പ്രതികളുടെ കംപ്യൂട്ടറുകളില്‍ രഹസ്യമായി രേഖകള്‍ കയറ്റിയതാണെന്നും കണ്ടെത്തിയിരുന്നു. വ്യാജ തെളിവുകള്‍ കെട്ടിച്ചമയ്ക്കപ്പെട്ടതിന് ഫാ. സ്റ്റാന്‍ സ്വാമിക്ക് തന്റെ ജീവന്‍ തന്നെയാണ് നല്‍കേണ്ടി വന്നത്.

ജയിലില്‍ കഴിഞ്ഞപ്പോഴും ഫാദര്‍ സ്റ്റാന്‍ സ്വാമിയോടുള്ള കടുത്ത അവഗണന തുടര്‍ന്നു. ജയിലില്‍ സ്‌ട്രോയും ചായക്കപ്പ് പോലും അനുവദിച്ചില്ല. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിപ്പോലും കോടതിയെ സമീപിക്കേണ്ടി വന്നു. അതാവട്ടെ നിരാശാജനകമായ വേഗതയിലാണ് നീങ്ങിയത്. ജയിലില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായപ്പോഴും മെഡിക്കല്‍, ജാമ്യാപേക്ഷകളെ എന്‍ഐഎ കോടതി നിരസിച്ചു. അദ്ദേഹത്തിന്റെ കൊവിഡ് രോഗം പോലും ജയിലില്‍ കണ്ടെത്തിയിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് കണ്ടെത്തിയത്. മെഡിക്കല്‍ ആവശ്യത്തിന് വേണ്ടി നല്‍കിയ ജാമ്യാപേക്ഷയില്‍ സ്റ്റാന്‍ സ്വാമി ഹൈക്കോടതിയില്‍ നല്‍കിയ പ്രസംഗം നമുക്ക് മറക്കാനാവില്ല. ഏറെക്കാലം ജീവിക്കുമെന്ന് പ്രതീക്ഷിയില്ലെന്നും റാഞ്ചിയിലെ ബാഗൈച്ചയില്‍ തന്റെ ജനങ്ങള്‍ക്കൊപ്പം മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള ലളിതമായ അഭ്യര്‍ത്ഥന പോലും നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് നിറവേറ്റാന്‍ കഴിയുന്നില്ല എന്നത് ഭയാനകമാണ്.

സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ ദുഖിക്കുമ്പോള്‍ തന്നെ, ജയില്‍ അധികൃതരുടെ അശ്രദ്ധയും കോടതികളുടെ നിസ്സംഗതയും അന്വേഷണ ഏജന്‍സികളുടെ ക്രൂരതകളുമാണ് നിര്‍ഭാഗ്യകരമായ മരണത്തിന് കാരണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതേ ജയിലുകളില്‍ സമാനമായ അനീതികള്‍ നേരിടുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആരോഗ്യത്തിനും ജീവനിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ തന്നെ നിശബ്ദരായിരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും കണക്ക് പറയിപ്പിക്കുമെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മിനല്‍ ഗാഡ്‌ലിങ്, റോയ് വില്‍സണ്‍, മോണാലി റൗത്ത്, കോയല്‍ സെന്‍, ഹര്‍ഷാലി പോട്ട്ദാര്‍, ശരദ് ഗെയ്ക്ക്‌വാദ്, മായാ സിങ്, വൈ ഫെരേര, സൂസന്‍ അബ്രഹാം, പി ഹേമലത, സാഭാ ഹുസയ്ന്‍, രമ തെല്‍തംബ്‌ദെ, ജെന്നി റൊവേന, സുരേഖ ഗോര്‍ഖെ, പ്രണാലി പരബ്, രൂപാലി ജാദവ്, ഫാ. ജോ സേവ്യര്‍ എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

Institutional Murder of Fr. Stan Swamy: Statement by the family members and friends of the BK-16

Next Story

RELATED STORIES

Share it