Sub Lead

ഖുര്‍ആനിലെ പദങ്ങളെ അപമാനിക്കുന്നത് തടയണം: മുസ്‌ലിം പണ്ഡിതര്‍

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മതവികാരം വ്രണപ്പെടുത്തും വിധം വിശുദ്ധ പദാവലികളെ തെറ്റായി ഉപയോഗിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും ബന്ധപ്പെട്ട മറ്റു അധികാരികളോടും പണ്ഡിതര്‍ ആവശ്യപ്പെട്ടു.

ഖുര്‍ആനിലെ പദങ്ങളെ അപമാനിക്കുന്നത് തടയണം: മുസ്‌ലിം പണ്ഡിതര്‍
X

തിരുവനന്തപുരം: ഖുര്‍ആനിലെ പദങ്ങളെ അപമാനിക്കുന്നത് തടയണമെന്ന് കേരളത്തിലെ പ്രമുഖ മുസ്‌ലിം പണ്ഡിതര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മതവികാരം വ്രണപ്പെടുത്തും വിധം വിശുദ്ധ പദാവലികളെ തെറ്റായി ഉപയോഗിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും ബന്ധപ്പെട്ട മറ്റു അധികാരികളോടും പണ്ഡിതര്‍ ആവശ്യപ്പെട്ടു. ഒപ്പം ഇത്തരം പ്രതിലോമ ശക്തികളെ ഒറ്റപ്പെടുത്താനും ബഹിഷ്‌കരിക്കാനും എല്ലാ ജനവിഭാഗങ്ങളും മുന്നോട്ട് വരണമെന്നും സംഘം അഭ്യര്‍ഥിച്ചു.

വിവിധ മതങ്ങളുടെയും വ്യത്യസ്ത ആശയങ്ങളുടെയും സംഗമ ഭൂമിയാണ് ഇന്ത്യ. എല്ലാ പൗരന്മാര്‍ക്കും അവരിഷ്ടപ്പെടുന്ന ആദര്‍ശ പ്രകാരം ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതയും സൗന്ദര്യവും. ഇടകലര്‍ന്നുള്ള ജീവിതത്തില്‍ സ്വന്തം മതത്തെയും ആദര്‍ശത്തെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് പോലെ തന്നെ ഇതര മതങ്ങളെയും ആദര്‍ശങ്ങളെയും അനാദരിക്കുകയോ അപമാനിക്കുകയോ ചെയ്യാതിരിക്കേണ്ടതും നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭദ്രതക്കും സഹവര്‍ത്തിത്വത്തിനും അനിവാര്യമാണ്.

പക്ഷെ, അടുത്ത കാലത്തായി രാജ്യത്ത് വിദ്വേഷം വളര്‍ത്തി ജനങ്ങളെ വിഭജിച്ച് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനുള്ള നിഗൂഢ നീക്കങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളും ആവര്‍ത്തിക്കപ്പെടുകയാണ്. ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന വിശുദ്ധ ഖുര്‍ആനിലെ സാങ്കേതിക പദാവലികളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയും പരമത വിദ്വേഷം ലക്ഷ്യം വെച്ചുമുള്ള അനാരോഗ്യകരമായ പ്രചാരണം വ്യാപിക്കുകയാണ്.

ഹലാല്‍, ജിഹാദ് പോലുള്ള സാങ്കേതിക പദങ്ങള്‍ തീവ്ര വലതു പക്ഷ ഹിന്ദുത്വ സംഘടനകള്‍ക്കൊപ്പം, മതേതര കക്ഷികളില്‍ പെട്ടവരും അലസമായും നിരുത്തരവാദപരമായും ഉപയോഗിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുകയും ഇതര വിഭാഗങ്ങളില്‍ തെറ്റുധാരണയും വെറുപ്പും വിരോധവും വളര്‍ത്തുകയുമാണ് ചെയ്യുന്നത്. അതീവ ഗുരുതരമായ ഈ പ്രശ്‌നം ഗൗരവമായി കണ്ട് അതില്‍ നിന്ന് വിട്ടു നില്ക്കാനുള്ള നയപരമായ തീരുമാനമെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആര്‍ജവം കാണിക്കേണ്ടതുണ്ടെന്നും പണ്ഡിതര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ശൈഖുനാ ചേലക്കുളം അബുല്‍ ബുഷ്‌റ കെ എം മുഹമ്മദ് മൗലവി,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷന്‍ അശ്ശൈഖ് അബൂബക്കര്‍ ഹസ്രത്ത്, കേരള മുസ്ലിം ജമാഅത് ഫെഡറേഷന്‍ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസിസ് മൗലവി, ഓള്‍ ഇന്ത്യ മുസ്‌ലിം പഴ്‌സനല്‍ ലോ ബോര്‍ഡ് പ്രതിനിധി അബ്ദുശ്ശക്കൂര്‍ അല്‍ ഖാസിമി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള സംസ്ഥാന സെക്രട്ടറി വി എച്ച് അലിയാര്‍ അല്‍ ഖാസിമി, ദക്ഷിണ കേരള ഇസ്ലാം മത അദ്ധ്യാപക സംഘടന പ്രസിഡന്റ് അസ്സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ ബാഫഖി, സുന്നി യുവജന ഫെഡറേഷന്‍ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, കൊര്‍ദോവ, ഇന്‍സ്റ്റിട്യൂട്ട് ഡോ: സുബൈര്‍ ഹുദവി ചേകനൂര്‍, സുന്നി യുവജനവേദി സംസ്ഥാന സെക്രട്ടറി മരുത അബ്ദുല്ലത്വീഫ് മൗലവി,

കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, ചെമ്മലശ്ശേരി എ പി മുഹമ്മദ് ഹുസൈന്‍ സഖാഫി, ഡികെജെയു വര്‍ക്കിങ് കമ്മറ്റി അംഗങ്ങളായ ഹസന്‍ ബസരി ബാഖവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഖാദി & ഖത്വീബ്‌സ് ഫോറം പ്രതിനിധി പാനിപ്ര ഇബ്രാഹിം മൗലവി, കാഞ്ഞാര്‍ അഹ്മദ് കബീര്‍ ബാഖവി, എ എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, നവാസ് മന്നാനി പനവൂര്‍, ഇ പി അബൂബകര്‍ ഖാസിമി, ഡികെഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വൈ.സഫീര്‍ ഖാന്‍ മന്നാനി, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു.


Next Story

RELATED STORIES

Share it