Sub Lead

പ്രതിഫലത്തെ ചൊല്ലി തര്‍ക്കം; യോഗിയുടെ സോഷ്യല്‍ മീഡിയാ സംഘത്തില്‍ പൊട്ടിത്തെറി

പ്രതിഫലത്തെ ചൊല്ലി തര്‍ക്കം; യോഗിയുടെ സോഷ്യല്‍ മീഡിയാ സംഘത്തില്‍ പൊട്ടിത്തെറി
X

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രതിഫലത്തെ ചൊല്ലി തര്‍ക്കം. ഇതേത്തുടര്‍ന്ന് യുപി സര്‍ക്കാരിന്റെയും മുഖ്യമന്ത്രി യോഗിയുടെയും സോഷ്യല്‍ മീഡിയാ സംഘത്തില്‍ പൊട്ടിത്തെറി. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ യോഗിയുടെ സോഷ്യല്‍ മീഡിയാ വിഭാഗം തലവന്‍ മന്‍മോഹന്‍ സിങ് രാജിവയ്ക്കുകയും ചെയ്തു. രാജിയിലൊതുങ്ങാതെ സംഘത്തില്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ശബ്ദരേഖ റിട്ട. ഐഎഎസ് ഓഫിസര്‍ സൂര്യ പ്രതാപ് സിങാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. യോഗിയുടെ സോഷ്യല്‍ മീഡിയ സംഘത്തിലെ രണ്ട് ജീവനക്കാര്‍ തമ്മിലുള്ള സംസാരത്തിന്റെ ശബ്ദരേഖയാണിതെന്നും യോഗിക്ക് അനുകൂലമായി പങ്കുവയ്ക്കുന്ന ഓരോ ട്വീറ്റിനും രണ്ടു രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നതെന്നുമായിരുന്നു ട്വീറ്റിലെ പരാമര്‍ശം. ശബ്ദരേഖ വൈറലായതിനു തൊട്ടുപിന്നാലെയാണ് മന്‍മോഹന്‍ സിങ് രാജിവച്ചത്.

അതേസമയം, ശബ്ദരേഖ പുറത്തുവന്നതോടെ യുപി ഭരണകൂടം പ്രതികാര നടപടിയും തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിവച്ചതെന്ന് യോഗിയുടെ സോഷ്യല്‍ മീഡിയ സംഘത്തിലെ ചിലര്‍ ദേശീയ മാധ്യമമായ 'ദ വയറി'നോട് വെളിപ്പെടുത്തി. എന്നാല്‍, സംഘത്തിന്റെ പ്രവര്‍ത്തനരീതിയിലെ അതൃപ്തി കാരണമാണ് രാജിയെന്നാണ് മന്‍മോഹന്‍ സിങ് പ്രതികരിച്ചത്. 2019ലാണ് മന്‍മോഹന്‍ ചുമതല ഏറ്റെടുത്തത്. യോഗിയുടെ സോഷ്യല്‍ മീഡിയാ സംഘത്തിലെ മറ്റൊരു ജീവനക്കാരന്‍ മാനസിക പീഡനം ആരോപിച്ച് എഴുതിയ ആത്മഹത്യാ കുറിപ്പ് ഈയിടെ ചര്‍ച്ചയായിരുന്നു. ഇതിനു പുറമെ വേറെയും ജീവനക്കാര്‍ രാജിഭീഷണി മുഴക്കിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

സംഘത്തിലെ പ്രമുഖനായിരുന്ന പാര്‍ത്ഥ ശ്രീവാസ്തവയെ കഴിഞ്ഞ മാസം 19ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാനസികമായി പീഡനം ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ നീതി തേടി അദ്ദേഹത്തിന്റെ മാതാവ് രമ ശ്രീവാസ്തവ മുഖ്യമന്ത്രി ആദിത്യനാഥിനെ സമീപിച്ചിരുന്നു. 27 കാരനായ തന്റെ മകന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്തതെന്നും സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് മരണകാരണമെന്നും അവര്‍ പറഞ്ഞു. പാര്‍ത്ഥ ശ്രീവാസ്തവയുടെ അടുത്ത സുഹൃത്താണ് 'ജസ്റ്റിസ് 4 പാര്‍ത്ത്' എന്ന കാംപയിന്‍ ആരംഭിച്ചത്.

അതിനിടെ, ഓഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചതിന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സൂര്യ പ്രതാപ് സിങിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. കാണ്‍പൂര്‍ പോലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 505 (പൊതു കുഴപ്പത്തിന് കാരണമാകുന്ന പ്രസ്താവനകള്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ലെ സെക്ഷന്‍ 66 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും കല്യാണ്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വീര്‍ സിങ് പറഞ്ഞു. 1982ല്‍ ഐഎഎസ് നേടുരയും 2016 ല്‍ വിരമിക്കുകയും ചെയ്ത സിങിനെതിരെ ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020ല്‍ അജ്ഞാതരായ അക്രമികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. 'എനിക്ക് രാജ്യത്തിന് പുറത്ത് എവിടെയെങ്കിലും സ്ഥിരതാമസമാക്കി മനോഹരമായ ജീവിതം നയിക്കാന്‍ കഴിയുമായിരുന്നു. എന്നിരുന്നാലും, സാധാരണ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവരുടെ ലക്ഷ്യത്തിനായി പോരാടാനും ഞാന്‍ തീരുമാനിച്ചു. എന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ജനാധിപത്യം സംരക്ഷിക്കാനും ഞാന്‍ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Internal Conflict in Adityanath's Social Media Team


Next Story

RELATED STORIES

Share it