Sub Lead

ഗസയെ കൂരിരുട്ടിലാക്കി കൂട്ടക്കൊല; പുറംലോകം അറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ഗസാ സിറ്റി: വെടിനിര്‍ത്തണമെന്ന ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും തുടര്‍ച്ചയായ ആഹ്വാനങ്ങള്‍ക്കിടയിലും ഫലസ്തീനികള്‍ക്കെതിരേ വംശഹത്യാ സമാനമായ ആക്രമണങ്ങളുമായി ഇസ്രായേല്‍. ഗസയെ സമ്പൂര്‍ണമായും കൂരിരുട്ടിലാക്കിയും കൂട്ടക്കൊലകളുടെ ഭയാനകത പുറംലോകം അറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്ത്താവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചുമാണ് വെള്ളിയാഴ്ച രാത്രി അതിഭീകരമായ ബോംബാക്രമണം നടത്തിയത്. ഫലസ്തീനെതിരായ ഇത്തവണത്തെ യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം വിശേഷിപ്പിച്ചു. മരണസംഖ്യപോലും കണക്കാക്കാനാവാത്ത വിധം തെരുവുകളില്‍ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്. നിരോധിത ഫോസ്ഫറസ് ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ കൂട്ടത്തോടെ വര്‍ഷിക്കുന്നതായാണ് റിപോര്‍ട്ട്. നൂറുകണക്കിന് കെട്ടിടങ്ങളാണ് ചാമ്പലായത്. യുഎന്‍ ഓഫിസ് ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞു. വ്യോമാക്രമണത്തിനു പുറമെ കരയുദ്ധവും ശക്തമാക്കിയതായാണ് വിവരം. കനത്ത ബോംബാക്രമണത്തെത്തുടര്‍ന്ന് ഗസയിലെ മൊബൈല്‍ ഫോണ്‍ സേവനവും ഇന്റര്‍നെറ്റും പ്രവര്‍ത്തന രഹിതമായതായി ഫലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ജവ്വാല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it