Sub Lead

യുഎഇയും ബഹ്‌റെയ്‌നുമായി നയതന്ത്ര കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

ഇസ്രയേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയപ്പോള്‍ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാര്‍ ഒപ്പിട്ടത്.

യുഎഇയും ബഹ്‌റെയ്‌നുമായി നയതന്ത്ര കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍
X

വാഷിങ്ടണ്‍: ബഹ്‌റൈനും യുഎഇയുമായി നയതന്ത്ര കരാര്‍(അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ചടങ്ങ്. ഇസ്രയേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയപ്പോള്‍ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാര്‍ ഒപ്പിട്ടത്.

ഇസ്രയേലുമായുള്ള സമ്പൂര്‍ണ സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎഇ കരാറില്‍ ഒപ്പുവച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി.ആദ്യം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. തുടര്‍ന്ന് ബഹ്‌റെയ്ന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ബെഞ്ചമിന്‍ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോര്‍ദാനുമാണ് നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങള്‍. ഇസ്രയേലുമായി യുഎഇയും ബഹ്‌റെയ്‌നും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിതുറക്കും.

ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ജറുസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ പ്രാര്‍ഥനക്കെത്താന്‍ കരാര്‍ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു.സമാധാനത്തിലേക്കുള്ള ചരിത്ര ദിനം എന്നായിരുന്നു ട്രംപ് ഈ ദിനത്തെ വിശേഷിപ്പിച്ചത്. യുഎഇയുടെയും ബഹ്‌റെയ്‌ന്റേയും പാതയില്‍ കുടുതല്‍ രാജ്യങ്ങള്‍ എത്തുമെന്നും അദേഹം പറഞ്ഞു. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചടങ്ങിന് സാക്ഷിയായത്.

ഇസ്രയേലുമായുള്ള തമ്മിലുള്ള കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ 1972ലെ 15ാം നമ്പര്‍ ഫെഡറല്‍ നിയമം യുഎഇ റദ്ദാക്കിയിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തില്‍ യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രയേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റ് രാജ്യങ്ങളിലുള്ള ഇസ്രയേല്‍ പൗരന്മാരുമായോ ഇസ്രയേല്‍ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏര്‍പ്പെടുന്നതിനും സാധിക്കും. ഇസ്രയേലി ഉല്‍പ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും അനുവാദമുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കരാറിനെതിരേ വൈറ്റ്ഹൗസിനു മുമ്പില്‍ പ്രതിഷേധം നടന്നു. കൂടാതെ, ഫലസ്തീനിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

Next Story

RELATED STORIES

Share it