Sub Lead

ലബനാനില്‍ ഇസ്രായേല്‍ ആക്രമണം; ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു

ലബനാനില്‍ ഇസ്രായേല്‍ ആക്രമണം; ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു
X

ബെയ്‌റൂത്ത്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കകള്‍ വര്‍ധിപ്പിച്ച് ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ഖെര്‍ബെറ്റ് സ് ലിമില്‍ നിന്നുള്ള കമാന്‍ഡര്‍ വിസാം ഹസന്‍ തവീല്‍ എന്ന അല്‍ഹാജ് ജവാദ് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കാറിനുനേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് കൊലപാതകമെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ആക്രമത്തില്‍ വാഹനം കത്തിക്കരിഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇസ്രായേല്‍ കൊലപ്പെടുത്തുന്ന രണ്ടാമത്തെ ഹിസ്ബുല്ല കമാന്‍ഡറായ വിസാം തവീല്‍ എലൈറ്റ് റദ്‌വാന്‍ സേനയിലെ ഒരു യൂനിറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ആണ്. ഒക്ടോബര്‍ ഏഴിനു ശേഷം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ലെബനനില്‍ കൊല്ലപ്പെട്ട ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് മുതിര്‍ന്ന ഹിസ്ബുല്ല നേതാവായ കമാന്‍ഡര്‍ വിസാം അല്‍തവില്‍. കഴിഞ്ഞ ആഴ്ച ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം ഉപമേധാവി സ്വാലിഹ് അല്‍ ആറൂരി കൊല്ലപ്പെട്ടിരുന്നു.

ഇദ്ദേഹവും മറ്റൊരു ഹിസ്ബുല്ല പോരാളിയും സഞ്ചരിച്ചിരുന്ന കാറില്‍ ലെബനന്‍ ഗ്രാമമായ മജ്ദല്‍ സെലെമിലാണ് വ്യോമാക്രമണം ഉണ്ടായതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. യുദ്ധം മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിക്കുന്നത് തടയാന്‍ വേണ്ടി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രായേലില്‍ എത്തുന്നതിനിടെയാണ് കൊലപാതകം. ലെബനനെതിരേ സമ്പൂര്‍ണ യുദ്ധം ആരംഭിക്കുന്നതിനു ഇസ്രായേലിനെതിരേ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കഴിഞ്ഞ ആഴ്ച രണ്ട് ടെലിവിഷന്‍ അഭിമുഖങ്ങളില്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മോട് യുദ്ധത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ ഖേദിക്കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it