Sub Lead

ഹമാസ് വെസ്റ്റ് ബാങ്കില്‍ മല്‍സരിക്കാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ഇസ്രായേല്‍

ഹമാസിനെ ഭീഷണിയിലൂടെ തിരഞ്ഞെടുപ്പില്‍ നിന്ന് മല്‍സരിക്കുന്നതില്‍നിന്ന് അകറ്റി ജനവിധി അട്ടിമറിക്കാനാണ് ഇസ്രായേല്‍ നീക്കം.

ഹമാസ് വെസ്റ്റ് ബാങ്കില്‍ മല്‍സരിക്കാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ഇസ്രായേല്‍
X

റാമല്ല: നിര്‍ദിഷ്ട തിരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് വെസ്റ്റ് ബാങ്കില്‍നിന്ന് ജനവിധി തേടാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ഇസ്രായേല്‍. ഹമാസിനെ ഭീഷണിയിലൂടെ തിരഞ്ഞെടുപ്പില്‍ നിന്ന് മല്‍സരിക്കുന്നതില്‍നിന്ന് അകറ്റി ജനവിധി അട്ടിമറിക്കാനാണ് ഇസ്രായേല്‍ നീക്കം.

ഫലസ്തീന്‍ വിമോചന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് ഉമര്‍ അല്‍ ബര്‍ഗൂതിയെ ഒഫര്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

പ്രസിഡന്റ്, നിയമനിര്‍മ്മാണ സഭ, ദേശീയ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കരുതെന്നായിരുന്നു റാമല്ലയുടെ പ്രാന്തപ്രദേശമായ കോപ്പറില്‍ താമസിക്കുന്ന ബര്‍ഗൂതിയോട് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇസ്രായേല്‍ ജയിലില്‍ നിന്ന് മോചിതനായത്. മറ്റ് നിരവധി ഹമാസ് നേതാക്കളോടും മറ്റു മുതിര്‍ന്ന അംഗങ്ങളോടും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ചിലരെ ടെലിഫോണില്‍ വിളിച്ചും മറ്റുള്ളവരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്കോ സൈനിക താവളങ്ങളിലേക്കോ വിളിച്ചുവരുത്തിയുമാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. ബര്‍ഗൂതി 30 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ ചെലവഴിച്ചിട്ടുണ്ട്. 40 വര്‍ഷത്തിലേറെയായി ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന നഈല്‍ അല്‍ ബര്‍ഗൂതിയുടെ സഹോദരനാണ് അദ്ദേഹം.

2018ല്‍ ഇസ്രയേല്‍ അധിനിവേശ സേന ബര്‍ഗുതിയേയും ഭാര്യയേയും വീട് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിനിടെസയണിസ്റ്റ് സൈന്യം മകനെ കൊലപ്പെടുത്തുകയും വീട് തകര്‍ക്കുകയും ചെയ്തിരുന്നു.

ഫത്തയുമായി അനുരഞ്ജന ചര്‍ച്ചകളില്‍ ഏര്‍പ്പെടരുതെന്ന മുന്നറിയിപ്പും ഹമാസ് ഭാരവാഹികള്‍ക്ക് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്. 2006ല്‍ പാര്‍ലമെന്റ്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ഗസയ്ക്കു പുറമെ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലും ഹമാസ് വിജയിച്ചിരുന്നു.

എന്നാല്‍, ഇസ്രായേലും ഫത്തഹും അറബ് രാജ്യങ്ങളും യുഎസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളും ഹമാസിന്റെ വിജയം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ഹമാസിനെ വെസ്റ്റ് ബാങ്കില്‍ നിന്ന് പുറത്താക്കാനും ഗസയില്‍ കര്‍ശന ഉപരോധം ഏര്‍പ്പെടുത്താനും ഫത്തഹിനെ സഹായിക്കുകയുമായിരുന്നു. മാത്രമല്ല 2009ല്‍ മഹമൂദ് അബ്ബാസിന്റെ പ്രസിഡന്റ് പദവിയുടെ നിയമസാധുത അവസാനിച്ചിട്ടും അക്കാര്യം അവര്‍ അവഗണിക്കുകയും തിരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിച്ചതുമുതല്‍, ഇന്നുവരെ, പടിഞ്ഞാറ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തുടരുകയുമാണ്.

Next Story

RELATED STORIES

Share it