Sub Lead

ഇസ്രായേല്‍ വ്യോമാക്രമണം; ഗസയില്‍ ഇസ്‌ലാമിക് ജിഹാദിന്റെ ഒരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

ഇസ്രായേല്‍ വ്യോമാക്രമണം; ഗസയില്‍ ഇസ്‌ലാമിക് ജിഹാദിന്റെ ഒരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു
X

തെല്‍ അവീവ്: ഗസയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ഒരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്‌ലാമിക് ജിഹാദിന്റെ തെക്കന്‍ കമാന്‍ഡര്‍ ഖാലിദ് മന്‍സൂര്‍ റഫയാണ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡിപിഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മന്‍സൂറിന്റെ സഹായി ഉള്‍പ്പെടെ ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ തൈസീര്‍ ജാബിരിയും കൊല്ലപ്പെട്ടിരുന്നതായാണ് മാധ്യമറിപോര്‍ട്ടുകള്‍. അടുത്ത ദിവസങ്ങളില്‍ ഇസ്രായേലിന് നേരേ ടാങ്ക് വിരുദ്ധ മിസൈല്‍, റോക്കറ്റ് ആക്രമണം നടത്താന്‍ പ്രവര്‍ത്തിച്ചയാളാണ് മന്‍സൂറെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഗസയില്‍ ആക്രമണം ആസൂത്രണം ചെയ്തത് മന്‍സൂറാണ്. എന്നാല്‍, സൈന്യം അത് പരാജയപ്പെടുത്തുകയായിരുന്നു. മുന്‍കാലങ്ങളില്‍ നടന്ന സായുധാക്രമണങ്ങളിലും മന്‍സൂര്‍ ഉത്തരവാദിയാണെന്നാണ് ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ ആരോപിക്കുന്നത്.

ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഫലസ്തീന്‍ കുട്ടികളടക്കം 24 പേരാണ് കൊല്ലപ്പെട്ടത്. ജബല്യ അഭയാര്‍ഥി ക്യാംപിന് സമീപമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്ന് ഫലസ്തീന്‍ എന്‍ക്ലേവ് ഭരിക്കുന്ന ഹമാസ് പറഞ്ഞു. രണ്ട് ദിവസത്തെ പോരാട്ടത്തിനിടെ 203 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രയേല്‍ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതോടെയാണ് ഗസ വീണ്ടും സംഘര്‍ഷഭരിതമായത്.

ഇസ്രായേല്‍ മിസൈലുകള്‍ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും അഭയാര്‍ഥി ക്യാപും തകര്‍ത്തു. 'ബ്രേക്കിങ് ഡോണ്‍' എന്ന സൈനിക ഓപറേഷന്‍ ഇസ്‌ലാമിക് ജിഹാദികളെ ലക്ഷ്യംവച്ചായിരുന്നെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇസ്‌ലാമിക് ജിഹാദിനെതിരായ ആക്രമണം ഒരാഴ്ച നീണ്ടുനില്‍ക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഗസയോട് ചേര്‍ന്ന സിദ്‌റത്ത്, അസ്‌കലോണ്‍, അസ്‌ദോദ്, ബല്‍മാസിം, സികിം പ്രദേശങ്ങളില്‍ ഇസ്രായേല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Next Story

RELATED STORIES

Share it