Sub Lead

ഗസ നഗരം പൂര്‍ണമായും വളഞ്ഞെന്ന് ഇസ്രായേല്‍; കറുത്ത ബാഗുകളില്‍ തിരിച്ചയക്കുമെന്ന് ഹമാസ്

ഗസ നഗരം പൂര്‍ണമായും വളഞ്ഞെന്ന് ഇസ്രായേല്‍; കറുത്ത ബാഗുകളില്‍ തിരിച്ചയക്കുമെന്ന് ഹമാസ്
X

ഗസാ സിറ്റി: ഫലസ്തീനെതിരായ വ്യോമാക്രമണത്തിനു പിന്നാലെ കരയുദ്ധത്തിനിറങ്ങിയ ഇസ്രായേല്‍ അധിനിവേശ സൈന്യം ഹമാസ് നിയന്ത്രണത്തിലുള്ള ഗസ സിറ്റി പൂര്‍ണമായും വളഞ്ഞതായി അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ എന്ന ആശയം നിലവിലില്ലെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അതേസമയം, അധിനിവേശ സൈന്യത്തിന് ഹമാസ് പോരാളികള്‍ കനത്ത നാശം വരുത്തിയതായും ഗസയില്‍ നിന്ന് അവരെ കറുത്ത ബാഗുകളിലാക്കി തിരിച്ചയക്കുമെന്നും ഹമാസ് വക്താവ് അബൂ ഉബൈദ അറിയിച്ചു.

ജനസാന്ദ്രതയേറിയ പ്രദേശമാണ് ഗസാ സിറ്റി. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സ പ്രത്യാക്രമണത്തിനിടെ ബന്ദികളാക്കപ്പെട്ട സൈനികര്‍ ഉള്‍പ്പെടെയുള്ള 240 പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ബന്ദികളെ കണ്ടെത്താനായി അമേരിക്ക ഗസയ്ക്ക് മുകളിലൂടെ ഡ്രോണുകള്‍ പറത്തുന്നുണ്ട്. താല്‍ക്കാലികവും പ്രാദേശികവല്‍ക്കരിച്ചതുമായ ശത്രുത അവസാനിപ്പിക്കാനായി യുദ്ധത്തില്‍ മാനുഷികമായ ഇടവേളകള്‍ വേണമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ശബ്ദസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. ഇതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുകയാണ്. ഗസയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷം വരുത്തുന്നത് കുറയ്ക്കാന്‍ കഴിയുന്നതും സ്വീകരിക്കേണ്ടതുമായ ശക്തമായ നടപടികളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുമെന്ന് ബ്ലിങ്കെന്‍ പറഞ്ഞു.

വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ നൂറുകണക്കിന് വിദേശികളും ഇരട്ട പൗരന്മാരും റഫ അതിര്‍ത്തി കടന്ന് ഈജിപ്തിലേക്ക് പലായനം ചെയ്തു. 21 പരിക്കേറ്റ പലസ്തീന്‍കാരും 72 കുട്ടികള്‍ ഉള്‍പ്പെടെ 344 വിദേശ പൗരന്മാരും രണ്ടാം ദിവസമായ ഇന്നലെ അതിര്‍ത്തി കടന്നതായി ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഇസ്രായേല്‍ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, ലെബനനിലെ ഹിസ്ബുല്ലയുടെ നേതാവ് ഹസന്‍ നസ്‌റുല്ല ഇന്ന് വൈകീട്ട് മൂന്നിന് പ്രസംഗം നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായി അതിര്‍ത്തിയിലെ 19 ഇസ്രായേലി കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അവകാശപ്പെട്ടു. തിരിച്ചടിച്ചതായി ഇസ്രായേലി സൈന്യവും അവകാശപ്പെട്ടു. ഒക്‌ടോബര്‍ ഏഴിന് ശേഷം 3,760 കുട്ടികളടക്കം 9,061 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാപായ ജബലിയയില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് തവണ വ്യോമാക്രമണം നടത്തി നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it