Sub Lead

ജയിലില്‍ കിടന്ന് മല്‍സരിച്ച് എംപിയായി; പാര്‍ട്ടി രൂപീകരണത്തിന് അമൃത്പാല്‍ സിങ് ഖല്‍സ

ജയിലില്‍ കിടന്ന് മല്‍സരിച്ച് എംപിയായി; പാര്‍ട്ടി  രൂപീകരണത്തിന് അമൃത്പാല്‍ സിങ് ഖല്‍സ
X

അമൃത്‌സര്‍: ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ജയിലില്‍ അടച്ച പഞ്ചാബിലെ ഖഡൂര്‍സാഹിബ് എംപി അമൃത്പാല്‍ സിങ് ഖല്‍സ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ജനുവരി 14ന് പാര്‍ട്ടി പ്രഖ്യാപനം നടക്കുമെന്ന് പിതാവ് തസ്‌റീം സിങ് അറിയിച്ചു. സിഖുകാരുടെ വിശുദ്ധ നഗരമായ ശ്രീ മുഖ്താര്‍ സാഹിബില്‍ നടക്കുന്ന മാഗി ദാ മേളയോട് അനുബന്ധിച്ച് 'മതത്തെ രക്ഷിക്കൂ, പഞ്ചാബിനെ രക്ഷിക്കൂ' എന്ന പ്രമേയത്തില്‍ നടത്തുന്ന റാലിയോടെയാണ് പ്രഖ്യാപനം നടക്കുക.

ദുബൈയിലെ കുടുംബ ബിസിനസ് ഉപേക്ഷിച്ച് 2022ല്‍ പഞ്ചാബിലെത്തിയ അമൃത്പാല്‍ സിങ് മതസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പഞ്ചാബിലെ യുവാക്കള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ വിവിധ സംഘടകള്‍ രൂപീകരിച്ചു. സിഖ് മതത്തിനെതിരേ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി നേരിടുകയും ചെയ്തു. സിഖുകാര്‍ക്ക് സ്വന്തം രാജ്യം വേണമെന്ന കാഴ്ച്ചപാടിനോടും അമൃത്പാല്‍ സിങ് യോജിപ്പ് പ്രകടിപ്പിച്ചു.

അമൃത് പാല്‍ സിങ്ങിന്റെ 'പഞ്ചാബിന്റെ അനന്തരാവകാശികള്‍' എന്ന സംഘടനയുടെ ഒരു പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ്് ചെയ്തതിനെ തുടര്‍ന്ന് അജ്‌നാല പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഇതില്‍ വലിയ തോതില്‍ അക്രമമുണ്ടായി. കൂടാതെ സംഘടനയുടെ പ്രവര്‍ത്തകനായ സണ്ണി സിങ് ഖല്‍സ എന്നയാള്‍ അമൃത്‌സറില്‍ വച്ച് പഞ്ചാബ് ശിവസേന എന്ന സംഘടനയുടെ സംസ്ഥാന നേതാവിനെ വെടിവച്ചു കൊല്ലുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നു.


ഇതിന് ശേഷം ഖലിസ്താന്‍ അനുകൂലിയായിരുന്ന സിഖ് മതപണ്ഡിതന്‍ ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലെയുടെ വേര്‍ഷന്‍ രണ്ടാണ് അമൃത്പാല്‍ സിങ് എന്ന പ്രചാരണം നടന്നു. പ്രചാരണം കനത്തതോടെ ദേശീയസുരക്ഷാ നിയമം ഉപയോഗിച്ച് അമൃത്പാല്‍ സിങിനെ അറസ്റ്റ് ചെയ്തു. വിമാനത്തില്‍ കയറ്റി അസമിലെ ജയിലിലാണ് അടച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് ഖഡൂര്‍സാഹിബ് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച അമൃത്പാല്‍ സിങ് ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശം നല്‍കുന്ന പാര്‍ട്ടിയാണ് രൂപീകരിക്കുന്നതെന്ന് അമൃത് സറിലെ ഹര്‍മന്ദിര്‍ സാഹിബില്‍(സുവര്‍ണക്ഷേത്രം) നടത്തിയ പ്രാര്‍ത്ഥനക്ക് ശേഷം തസ്‌റീം സിങ് പറഞ്ഞു.


Next Story

RELATED STORIES

Share it