Sub Lead

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിജയം പ്രവചനാതീതം

യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഫ. ആര്‍ ബിന്ദുവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസും രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നതോടെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി.

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിജയം പ്രവചനാതീതം
X

മാള (തൃശ്ശൂര്‍): നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികളും പ്രചരണ രംഗത്ത് സജീവമായതോടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പോരാട്ടം ഇഞ്ചോടിഞ്ച്. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഫ. ആര്‍ ബിന്ദുവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസും രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നതോടെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി. ഇരു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ത്ഥി പ്രഫ. കെ യു അരുണന്‍ 2711 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത്. കെ യു അരുണന് 59730 വോട്ടും ഉണ്ണിയാടന് 57019 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് ചെറാകുളത്തിന് 30000 ത്തോളം വോട്ടുമാണ് ലഭിച്ചത്. മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ വളരെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളുമായി പ്രചാരണ രംഗത്ത് മുന്നേറാന്‍ തോമസ് ഉണ്ണിയാടന് സാധിച്ചിട്ടുണ്ട്.

2001ല്‍ 400 വോട്ടിന് ഇരിങ്ങാലക്കുടയില്‍ വിജയിച്ച ഉണ്ണിയാടന്‍ 2006 ല്‍ ഭൂരിപക്ഷം 7500 വോട്ടായും 2011ല്‍ ഭൂരിപക്ഷം 12,000 ആയും ഉയര്‍ത്തിയിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച ഉണ്ണിയാടന്‍ 2016ലെ തിരഞ്ഞെടുപ്പില്‍ പ്രഫ. കെ യു അരുണനോട് പരാജയപ്പെട്ടത് കേവലം 2711 വോട്ടിനാണ്. രാഷ്ട്രീയ പക്ഷഭേതമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ ജനകീയനായി മാറിയ തോമസ് ഉണ്ണിയാടന് മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന് മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കാര്യമായ സ്വാധീനമില്ലാത്തതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഈഴവ വോട്ടുകള്‍ ഇത്തവണ കൈവിടുകയില്ലെന്നതും തോമസ് ഉണ്ണിയാടന് അനുകൂല ഘടകമാകും. അതേ സമയം ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടായാല്‍ ഉണ്ണിയാടന്റെ വിജയത്തിന് അത് തിരിച്ചടിയാകുകയും ചെയ്യും. പ്രഫ. കെ യു അരുണന്‍ എംഎല്‍എ എന്ന നിലയില്‍ ജനകീയനായി മാറാന്‍ കഴിയാതെ പോയതും വികസനം ജനങ്ങളിലെത്തിക്കാന്‍ കഴിയാത്തതും തെരഞ്ഞെടുപ്പില്‍ എല്‍എഡിഎഫിന് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് പറയുന്നത്. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് നിര്‍ണായകമായ ഇരിങ്ങാലക്കുട മണ്ഡലത്തില്‍

ക്രിസ്ത്യന്‍ സഭകളുടെ ഉറച്ച പിന്തുണയോടെ മത്സരിക്കുന്ന തോമസ് ഉണ്ണിയാടന്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഈഴവ വോട്ടുകള്‍ തിരിച്ച് പിടിക്കാനാകുമെന്ന വിശ്വാസത്തോടെയാണ് പ്രചാരണ രംഗത്ത് മുന്നേറുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലെ ഭൂരിപക്ഷം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജ് പ്രഫസര്‍ ആയിരുന്ന ബിന്ദുവിനെ സി പി എം രംഗത്തിറക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കാട്ടി പ്രചാരണ രംഗത്ത് മുന്നേറാന്‍ ബിന്ദുവിനും സാധിച്ചതോടെ ഇരിങ്ങാലക്കുടയില്‍ പോരാട്ടം പ്രവചനാതീതമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it