Sub Lead

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
X

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 21ന് വൈകീട്ട് നാല് മണി മുതല്‍ ആറ് മണിവരെയാണ് ഓപണ്‍ ഹൗസ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തേണ്ടതാണ്. ഇതിനായി മുന്‍കൂര്‍ അനുമതിയോ ബുക്കിങ്ങോ ആവശ്യമില്ല.

ഹുറൂബ് കേസുകള്‍, ഫൈനല്‍ എക്‌സിറ്റ് ലഭിക്കാത്തവര്‍, ഇഖാമ പുതുക്കാനാവാത്തവര്‍, ശമ്പളം ലഭിക്കാത്തവര്‍, സര്‍വീസ് ബെനിഫിറ്റ് ലഭിക്കാത്തവര്‍, സ്‌പോണ്‍സറുമായുള്ള തര്‍ക്കങ്ങള്‍, ജോലി സ്ഥലങ്ങളിലെ മറ്റു പ്രയാസങ്ങളും പ്രതിസന്ധികളും തുടങ്ങി ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന എല്ലാവിധ പ്രശ്‌നങ്ങളും ഓപണ്‍ ഹൗസിലൂടെ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഉള്‍പ്പെടെയുള്ള കോണ്‍സുലേറ്റ് സംഘം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരിക്കും.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഓപണ്‍ ഫോറം വഴിയുണ്ടാവും. പാസ്‌പോര്‍ട്ട്, ഇഖാമ തുടങ്ങി ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ രേഖകള്‍ കൈവശം വയ്‌ക്കേണ്ടതാണ്. നേരത്തെ പലതരം പ്രയാസങ്ങള്‍ കാരണം നാട്ടിലേക്ക് പോവാനായും മറ്റു കാര്യങ്ങള്‍ക്കും കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാവുന്നതാണ്.

ഇത്തരക്കാര്‍ ഓപണ്‍ ഹൗസിലേക്ക് വരുമ്പോള്‍ നേരത്തെ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച രജിസ്‌ട്രേഷന്‍ നമ്പറും, ആവശ്യമായ മറ്റു രേഖകളും കൊണ്ടുവരുന്നത് കൂടുതല്‍ അഭികാമ്യയിരിക്കും. കൂടാതെ നേരത്തെ കോണ്‍സുലേറ്റില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരിലോ മറ്റോ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും നല്ലതാണ്.

Next Story

RELATED STORIES

Share it