Sub Lead

ജിഗ്‌നേഷ് മേവാനിയെ കാണാന്‍ സമ്മതിച്ചില്ല, കുത്തിയിരിപ്പ് സമരം നടത്തി സിപിഎം എംഎല്‍എ; ഒടുവില്‍ പോലിസിന്റെ അനുമതി

ജിഗ്‌നേഷ് മേവാനിയെ കാണാന്‍ സമ്മതിച്ചില്ല, കുത്തിയിരിപ്പ് സമരം നടത്തി സിപിഎം എംഎല്‍എ; ഒടുവില്‍ പോലിസിന്റെ അനുമതി
X

ഗുവാഹത്തി: അസം പോലിസ് അറസ്റ്റുചെയ്ത ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ സന്ദര്‍ശിക്കാന്‍ സിപിഎം എംഎല്‍എ മനോരഞ്ജന്‍ താലൂക്ക്ദാറിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആദ്യം അനുമതി നിഷേധിച്ച് പോലിസ്. ഒടുവില്‍ എംഎല്‍എയും പാര്‍ട്ടി പ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരം നടത്തിയതോടെ പോലിസ് ജിഗ്‌നേഷ് മേവാനിയെ കാണാന്‍ അനുമതി നല്‍കുകയായിരുന്നു. 'ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് പൂര്‍ണമായി നിയമവിരുദ്ധമാണ്. അദ്ദേഹം ഇപ്പോള്‍ കൊക്രജാറില്‍ പോലിസ് കസ്റ്റഡിയിലാണ്.

എംഎല്‍എ മനോരഞ്ജന്‍ താലൂക്ദാറും സിപിഎം സംസ്ഥാന നേതാക്കളായ സന്തോഷ് ഗുഹ്, അചിത് ദത്ത എന്നിവരും മേവാനിയെ കാണാന്‍ കൊക്രജാര്‍ പോലിസ് സ്‌റ്റേഷനിലെത്തി. എന്നാല്‍, മേവാനിയെ കാണാന്‍ പോലിസ് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് നേതാക്കള്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവില്‍ മേവാനിയെ കാണാന്‍ അനുവദിക്കാന്‍ പോലിസ് നിര്‍ബന്ധിതരായി. അസമിലെ ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യപരമായ നീക്കത്തെ സിപിഎം അസം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു. മേവാനിയെ ഉടന്‍ മോചിപ്പിക്കണം'- അസമിലെ സിപിഎം നേതൃത്വം വ്യക്തമാക്കി.

അസമിലെ കൊക്രജാര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മേവാനിയുടെ അറസ്റ്റ്. ബുധനാഴ്ച രാത്രി 11.30ഓടെ അസം പോലിസ് ഗുജറാത്തിലെ പാലംപൂരില്‍ മേവാനിയുടെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കൊക്രജാറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്ത മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പോലിസ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച മേവാനി ഗുവാഹത്തി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.

ബിജെപി പ്രാദേശിക നേതാവിന്റെ പരാതിയിലായിരുന്നു മേവാനിയുടെ അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലോചന, സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് അഹ്വാനം ചെയ്തു എന്നീ വകുപ്പുകളും ഐടി നിയമത്തിന്റെ ഏതാനും വകുപ്പുകളും ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ ഇട്ടത്. സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുന്ന വിധം ട്വീറ്റ് ചെയ്തതിനാണ് അറസ്‌റ്റെന്നാണ് പോലിസിന്റെ വിശദീകരണം. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ഥിക്കണം' എന്നായിരുന്നു മോദിക്കെതിരായ മേവാനിയുടെ ട്വീറ്റ്.

Next Story

RELATED STORIES

Share it