Sub Lead

കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലിസ് പരിശോധിക്കുന്നു

താഴ് വരയിലെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് പൊതു പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലിസ് പരിശോധിക്കുന്നു
X

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ നടപടി ആരംഭിച്ചിരിക്കുകയാണ് ജമ്മു കശ്മീര്‍ ഭരണകൂടം. പുതിയ ജീവനക്കാരോട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പോലിസ് പരിശോധനക്കായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു.

താഴ് വരയിലെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര ഭരണകൂടത്തിന്റെ നടപടിയെന്ന് പൊതു പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമുള്ള ജീവനക്കാര്‍ക്കായി 2017 ല്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പെരുമാറ്റ ചട്ടം പുറത്തിറക്കിയിരുന്നു. എന്നാല്‍ ആദ്യമായാണ് പുതിയ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പരിശോധിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തുന്നത്.

ജമ്മു കശ്മീര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (2021 ലെ O9JK-GAD) വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരോടും ഡിവിഷണല്‍ കമ്മീഷണര്‍മാരോടും വിവിധ വകുപ്പ് മേധാവികളോടും ജീവനക്കാരുടെ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് (സിഐഡി) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങള്‍ക്കൊപ്പം, ഉദ്യോഗം സ്ഥിരപ്പെട്ടിട്ടില്ലാത്ത ജീവനക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ (ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം മുതലായവ)' വിശദാംശങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'സംശയാസ്പദമായ സ്വഭാവഗുണങ്ങളോടും പെരുമാറ്റത്തോടും കൂടിയ നിരവധി ജീവനക്കാര്‍ക്ക് അവരുടെ നിര്‍ബന്ധിത സിഐഡി പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാതെ ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കിയിട്ടുണ്ട്,' GAD സര്‍ക്കുലര്‍ പറയുന്നു. അത്തരം കേസുകളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Next Story

RELATED STORIES

Share it