Sub Lead

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്: യുപി പോലിസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു-കെയുഡബ്ല്യുജെ

രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ അടക്കം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണ്. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്ന ചെയ്തിയാണിത്.

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്: യുപി പോലിസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു-കെയുഡബ്ല്യുജെ
X

തിരുവനന്തപുരം: ദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ദല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തു കള്ളക്കേസില്‍ കുടുക്കിയ യുപി പോലിസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തമായി അപലപിച്ചു.

രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ അടക്കം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണ്. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്ന ചെയ്തിയാണിത്.

വ്യാജ തെളിവുകള്‍ ചമച്ച് രാജ്യദ്രോഹ, തീവ്രവാദ മുദ്ര ചാര്‍ത്തി നിരപരാധികളെ തടങ്കലിലാക്കുന്ന കിരാത നടപടി ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാവുന്നതല്ല. മാധ്യമ പ്രവര്‍ത്തകനെ അന്യായ തടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി അടക്കം വിഷയത്തില്‍ ഇടപെടണമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു. നിയമവിരുദ്ധ തടങ്കലില്‍നിന്ന് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാന പോലിസ് മേധാവിക്കും യൂനിയന്‍ കത്തയച്ചു. സര്‍ക്കാര്‍, പോലിസ് തലത്തില്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും നിവേദനം നല്‍കി.

Next Story

RELATED STORIES

Share it