Sub Lead

പോലിസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

പോലിസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍
X

തിരുവനന്തപുരം: പോലിസ് വകുപ്പിന്റെ പര്‍ച്ചേസുകള്‍ക്കും സേവനകരാറുകള്‍ക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. സിഎജി റിപോര്‍ട്ട് വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. നിലവില്‍ പോലിസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനായ റിട്ട. ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരെ ഈ കമ്മീഷന്റെ അധ്യക്ഷനായി നിയമിക്കും. മുന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പോലിസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ കമ്മീഷന്‍ അംഗങ്ങളായി ഉള്‍പ്പെടുത്തും.

പോലിസ് വകുപ്പിലെ പര്‍ച്ചേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്തവും സവിശേഷതകള്‍ ഉള്ളതുമാണ്. സുരക്ഷാ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പല പര്‍ച്ചേസുകളും പോലിസ് വകുപ്പിന് നടത്തേണ്ടിവരുന്നത്. നിലവിലെ ചട്ടങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പാലിക്കുന്നത് സുരക്ഷയുടെ കോണില്‍ നിന്ന് നോക്കുമ്പോള്‍ പലപ്പോഴും കാലതാമസം വരുത്തുന്നതാണ്. സിഎജിയുടെ പരാമര്‍ശങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ പോലിസ് വകുപ്പിന്റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.

മെത്രാന്‍ കായല്‍: ഉത്തരവ് റദ്ദാക്കി

കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ റക്കിന്‍ഡോ കുമരകം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിക്കൊണ്ട് 2016 മാര്‍ച്ച് ഒന്നിനു യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടൂറിസം പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ച സ്ഥലം നെല്‍കൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ടിഎസ് പി പരിശോധിക്കാന്‍ കമ്മിറ്റി

സര്‍ക്കാര്‍ വകുപ്പുകളില്‍ പര്‍ച്ചേസുകള്‍ നടത്താനും സേവനകരാറുകള്‍ ഉറപ്പിക്കാനും ടോട്ടല്‍ സൊലുഷന്‍ പ്രൊവൈഡേഴ്‌സിനെ(ടിഎസ്പി) നിയോഗിക്കുന്ന രീതി സംബന്ധിച്ച് വിശദമായി പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്ന് സീനിയര്‍ സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ധനകാര്യം, ആഭ്യന്തരം വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്റിങ് ആന്റ് സ്‌റ്റേഷനറി വകുപ്പ് സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ടിഎസ്പി രീതിയില്‍ പര്‍ച്ചേസുകള്‍ നടത്തുന്നതും സേവനകരാറുകള്‍ ഉറപ്പിക്കുന്നതും. കെല്‍ട്രോണ്‍, സിഡ്‌കോ എന്നീ സ്ഥാപനങ്ങള്‍ ടിഎസ്പിയായി പ്രവര്‍ത്തിച്ചിട്ടുള്ള കരാറുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിക്കാനും തീരുമാനിച്ചു.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിന് 26 കോടി

2018ലെ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ബാക്കിയുള്ള 26 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന 205 തസ്തികകള്‍ റദ്ദാക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഭവനനിര്‍മാണ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2020 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. കിന്‍ഫ്രയിലെ ഓഫിസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കും. സംസ്ഥാന പിന്നാക്ക വികസന കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് ചക്രവര്‍ സമുദായത്തെ എസ്എബിസി പട്ടികയില്‍ സക്രവര്‍(കാവതി) സമുദായത്തോടൊപ്പം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഡിസൈന്‍ നയരേഖ രൂപീകരിക്കാന്‍ കമ്മിറ്റി

കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ നയരേഖയുടെ പോരായ്മകളും കേരളത്തിന്റെ സവിശേഷതകളും പഠിച്ച് സംസ്ഥാനത്തിന് തനതായ ഡിസൈന്‍ നയരേഖ രൂപീകരിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ കണ്‍വീനറായി സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. തൊഴില്‍, തദ്ദേശ സ്വയംഭരണം, ഐടി, പൊതുമരാമത്ത് വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. ഡിസൈനിങില്‍ വിദഗ്ധ പരിശീലനവും ഗവേഷണവും നടത്താന്‍ ഉതകുന്ന മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐടി വകുപ്പിനെ ചുമതലപ്പെടുത്തും. 2020ല്‍ ആഗോളതലത്തിലുള്ള ഡിസൈന്‍ മേള കേരളത്തില്‍ സംഘടിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഐടി വകുപ്പിനെ ചുമതലപ്പെടുത്തി.

നിയമനങ്ങള്‍, മാറ്റങ്ങള്‍

സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. പിന്നാക്ക വികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്(അര്‍ബന്‍) എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാവും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് പ്രിന്റിങ് ആന്റ് സ്‌റ്റേഷനറി സെക്രട്ടറിയുടെയും സൈനികക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ആര്‍ ഗിരിജയെ സര്‍വേ ആന്റ് ലാന്റ് ിെക്കോര്‍ഡ്‌സ് ഡയറക്ടറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. ഹൗസിങ് കമ്മീഷണറുടെയും ഹൗസിങ് ബോര്‍ഡ് സെക്രട്ടറിയുടെയും അധിക ചുമതല അവര്‍ വഹിക്കും. സഹകരണ രജിസ്ട്രാര്‍ ഡോ. പി കെ ജയശ്രീയെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിനിയമിക്കും. രജിസ്‌ട്രേഷന്‍ ഐജി ഡോ. എ അലക്‌സാണ്ടറിനെ സഹകരണ രജിസ്ട്രാറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ കെ ഇമ്പാശേഖറിനെ രജിസ്‌ട്രേഷന്‍ ഐജിയായി മാറ്റി നിയമിക്കും. ബിഎസ്എന്‍എല്ലിന്‍ നിന്നു വിരമിച്ച എസ് ഹരികുമാറിനെ ധനകാര്യവകുപ്പില്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറായി നിയമിക്കും.

പുനര്‍ഗേഹം പദ്ധതിക്ക് 200 കോടി

തീരദേശ മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് മല്‍സ്യബന്ധന തുറമുഖ വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിക്ക് നടപ്പു സാമ്പത്തിക വര്‍ഷം 200 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.




Next Story

RELATED STORIES

Share it