Sub Lead

'സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്'; സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെ സുധാകരന്‍

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്; സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെ സുധാകരന്‍
X

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെന്നും യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ട്ടിയാണ്. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതിനാല്‍ എതിര്‍ക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ ആവര്‍ത്തിച്ചുപറഞ്ഞു. 'അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ എന്തിനാണ് ഞങ്ങള്‍ വിമര്‍ശിക്കേണ്ടത്. സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ. അവരില്‍ കൊള്ളാവുന്നവരുണ്ട്. അവരെ എടുക്കുന്നതിന് എന്താണ് തടസ്സം. അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവച്ചുപോവുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനെയാണ് എതിര്‍ക്കാനാവുക. കോണ്‍ഗ്രസില്‍ എല്ലാവരേയും വയ്ക്കാന്‍ പറ്റില്ല. പറ്റുന്നവരെ എടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയം തിരിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവര്‍ ആ തസ്തികയില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. അവര്‍ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാല്‍ അതിനെതിരെ ശബ്ദിക്കും. അക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരുടെ മുന്‍കാല കഥ അവര്‍ പരിശോധിക്കും. വിദഗ്ധ അക്കാദമീഷ്യന്‍ അല്ലെങ്കില്‍ പേരെടുത്ത് വിമര്‍ശിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനപൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു. സെനറ്റ് നിയമനത്തില്‍ സംഘപരിവാര അനുകൂലികളെ കുത്തിയിറക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് സുധാകരന്റെ പരാമര്‍ശം. ഗവര്‍ണര്‍ക്കെതിരേ എസ് എഫ് ഐയും ഇടതുസംഘടനകളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it