Sub Lead

വടകരയിലെ കാഫിര്‍ പോസ്റ്റ് വ്യാജം; നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വടകരയിലെ കാഫിര്‍ പോസ്റ്റ് വ്യാജം; നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍ വിവാദമായ കാഫിര്‍ പോസ്റ്റ് വ്യാജമാണെന്നും നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് പുറത്തിറക്കിയ പോസ്റ്റര്‍ നിര്‍മിച്ചത് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമല്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സിപിഎം അനുഭാവമുള്ള അമ്പാടിമുക്ക് സഖാക്കള്‍, കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പുറത്തുവന്നത്. ഇത് വന്‍തോതില്‍ പ്രചരിച്ചതോടെ വിവാദമായി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ കെ കെ ലതിക ഉള്‍പ്പെടെയുള്ളവര്‍ ഇത് പങ്കുവച്ചിരുന്നു. വിവാദമായതോടെ മിനുട്ടുകള്‍ക്കിടെ തന്നെ പോസ്റ്റ് നീക്കം ചെയ്തു. യൂത്ത് ലീഗ് പ്രാദേശിക ഭാരവാഹി മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ... ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വര്‍ഗീയത പറഞ്ഞു വോട്ടുപിടിക്കാന്‍ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോണ്‍ഗ്രസുകാരാ... ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോവുന്നത്?' എന്നായിരുന്നു പോസ്റ്റിലെ അടിക്കുറിപ്പ്. തുടര്‍ന്ന് മുഹമ്മദ് കാസിം തന്നെ ഇത് വ്യാജമാണെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ലെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. സംഭവത്തില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന്റെയും സിപിഎം നേതാവ് കെ കെ ലതികയുടെയും ഫോണ്‍ പരിശോധിച്ചിരുന്നു. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫിസറെ കേസില്‍ പ്രതിചേര്‍ത്തതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ആരാണ് പോസ്റ്റ് നിര്‍മിച്ചതെന്നതിനെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം നല്‍കിയ കോടതി ഹരജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Next Story

RELATED STORIES

Share it