Sub Lead

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതിക പങ്കുവച്ചത് തെറ്റായിപ്പോയെന്ന് കെ കെ ശൈലജ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതിക പങ്കുവച്ചത് തെറ്റായിപ്പോയെന്ന് കെ കെ ശൈലജ
X

കോഴിക്കോട്: വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക പങ്കുവച്ചത് തെറ്റായിപ്പോയെന്നും നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും കെ കെ ശൈലജ എംഎല്‍എ. കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. തനിക്കെതിരേ നിരവധി വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി. ഇക്കാര്യത്തിലും കേസുകളുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാരുടെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് പ്രചാരണം നടത്തി. ലൗ ജിഹാദ് പരാമര്‍ശമെന്ന പേരിലും വ്യാജപ്രചാരണം നടത്തിയതായി അവര്‍ പറഞ്ഞു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംബന്ധിച്ച പോലിസ് റിപോര്‍ട്ട് കണ്ടിട്ടില്ല. പോലിസ് കൃത്യമായ വിവരശേഖരണം നടത്തണം. ഇത് നിര്‍മിച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിരാണ്. സ്‌ക്രീന്‍ ഷോട്ട് എന്തിനാണ് ഷെയര്‍ ചെയ്‌തെന്ന് കെ കെ ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേ എന്നായിരുന്നു അന്ന് മറപടി നല്‍കിയത്.

യഥാര്‍ഥ ഇടത് നയമുള്ളവര്‍ ഇത് ചെയ്യില്ല. പോലിസ് റിപോര്‍ട്ടിലെ സൈബര്‍ ഗ്രൂപ്പുകളെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്. പാര്‍ട്ടി ചിഹ്നങ്ങള്‍ ഉപയോഗിച്ച് ചിലര്‍ ഇടതുപക്ഷത്തിനെതിരേ പ്രവര്‍ത്തിക്കുന്നു. വ്യാജപ്രചാരണം നടത്തിയ എല്ലാവര്‍ക്കുമെതിരെ ഒരുപോലെ കേസെടുക്കണം. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഭീകര പ്രവര്‍ത്തനം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിശേഷിപ്പിച്ചത്. സമുദായ നേതാവിന്റെ ലെറ്റര്‍ ഹെഡ് വ്യാജമായി നിമിച്ചതും ഭീകരപ്രവര്‍ത്തനം അല്ലേയെന്നും കെ കെ ശൈലജ ചോദിച്ചു.

Next Story

RELATED STORIES

Share it