Sub Lead

ബിജെപി പ്രവര്‍ത്തകനെ വെടിവച്ചു കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍; ഒന്നാം പ്രതിയുമായുള്ള ബന്ധത്തെ എതിര്‍ത്തത് കൊലയ്ക്ക് കാരണം, ഭാര്യയും ബിജെപി പ്രവര്‍ത്തകയാണ്

ബിജെപി പ്രവര്‍ത്തകനെ വെടിവച്ചു കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍; ഒന്നാം പ്രതിയുമായുള്ള ബന്ധത്തെ എതിര്‍ത്തത് കൊലയ്ക്ക് കാരണം, ഭാര്യയും ബിജെപി പ്രവര്‍ത്തകയാണ്
X

പരിയാരം: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്ന കെ കെ രാധാകൃഷ്ണനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഭാര്യയെ പോലിസ് അറസ്റ്റ് ചെയ്തു. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെയാണ്(42) അറസ്റ്റ് ചെയ്തത്. ഇവരും ബിജെപി പ്രവര്‍ത്തകയാണ്. രാധാകൃഷ്ണനെ വെടിവച്ച സന്തോഷുമായി ചേര്‍ന്ന് മിനി ഗൂഡാലോചന നടത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നല്‍കിയ സിജോ ജോസഫാണ് രണ്ടാം പ്രതി.


മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. രാധാകൃഷ്ണന്‍ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ പെരുമ്പടവിലെ എന്‍ കെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. റിമാന്‍ഡിലായ സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു. സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് മിനി നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തു.

ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ പരിയാരം പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് സംസാരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം വൈകിട്ട് 'നിനക്കു മാപ്പില്ല' എന്ന് സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.


Next Story

RELATED STORIES

Share it