Sub Lead

കണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ പഠനവകുപ്പുകളില്‍/കേന്ദ്രങ്ങളില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പിജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം കാംപസിലെ ത്രിവല്‍സര എല്‍എല്‍ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇരുപത്തിയെട്ടോളം പഠനവകുപ്പുകളിലായി പുതുതലമുറ കോഴ്‌സുകള്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം പ്രോഗ്രാമുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2024 ഏപ്രില്‍ 30വൈകീട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മുന്‍ സെമസ്റ്റര്‍/ വര്‍ഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാല്‍ അവസാന സെമസ്റ്റര്‍/ വര്‍ഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഈ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്റെ അവസാന തിയ്യതിക്കകം സര്‍വകലാശാല നിഷ്‌കര്‍ഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ (www.admission.kannuruniverstiy.ac.in) ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് എസ് സി/എസ് ടി/ പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 200 രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ്. ഓരോ അധിക പ്രോഗ്രാമിനും അപേക്ഷിക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ് എസ് സി/ എസ് ടി/ പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 100 രൂപ വീതവും, മറ്റ് വിഭാഗങ്ങള്‍ക്ക് 200 രൂപ വീതവുമാണ്. എസ് ബിഐ ഇ-പേ വഴി ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടത്. ഡിഡി, ചെക്ക്, ചലാന്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓണ്‍ലൈന്‍ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും പ്രവേശന സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമര്‍പ്പിക്കേണ്ടതുമാണ്.

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. എംബിഎ പ്രോഗ്രാമിന്റെ പ്രവേശനം കെ മാറ്റ്/സി മാറ്റ്/കാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്‌കോറിന്റെയും ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ്. അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ കണ്ണൂര്‍, തലശ്ശേരി, കാസര്‍കോഡ്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും.

വെയ്‌റ്റേജ്/സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ പ്രസ്തുത വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം പ്രവേശന സമയത്ത് പ്രസ്തുത രേഖകള്‍ ഹാജരാക്കിയാലും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. പ്രോസ്‌പെക്ടസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ www.admission.kannuruniverstiy.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 7356948230, 04972715284, 04972715261. ഇ-മെയില്‍: deptsws@kannuruniv.ac.in.

Next Story

RELATED STORIES

Share it