Sub Lead

കാണ്‍പൂരിന് പിന്നാലെ ബറേലിയിലും പ്രതിഷേധത്തിന് ആഹ്വാനം; ജൂലൈ മൂന്നുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കാണ്‍പൂരിന് പിന്നാലെ ബറേലിയിലും പ്രതിഷേധത്തിന് ആഹ്വാനം; ജൂലൈ മൂന്നുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു
X

ലഖ്‌നോ: ബിജെപി വക്താവ് നുപൂര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുണ്ടായ പ്രതിഷേധത്തിന്റെ അലയൊലികള്‍ ബറേലിയിലും. കാണ്‍പൂര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ജൂണ്‍ 10 ന് മുസ്‌ലിം പുരോഹിതന്‍ തൗഖിര്‍ റാസയാണ് വമ്പിച്ച പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മുന്‍കരുതല്‍ നടപടിയായി ബറേലി ഭരണകൂടം സെക്ഷന്‍ 144 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പൊതുസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. ഇക്കാലയളവില്‍ പ്രതിഷേധങ്ങളും നിരോധിക്കും.

കാണ്‍പൂരില്‍ വെള്ളിയാഴ്ച ഉണ്ടായതുപോലുള്ള അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ജൂലൈ മൂന്നുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജെപി വക്താവ് നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മുസ്‌ലിം സമുദായം ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

ബീഗംഗഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നയ് സഡക്കില്‍ മുസ്‌ലിംകളുടെ പ്രാദേശിക അസോസിയേഷന്‍ പ്രസിഡന്റ് സഫര്‍ ഹയാത്ത് ഹാഷ്മിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇദ്ദേഹത്തിന്റെ ആഹ്വാനത്തെ പിന്തുണച്ച് കാണ്‍പൂരില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ കടകള്‍ അടച്ച് നൂറുകണക്കിന് പേര്‍ നൂപുര്‍ ശര്‍മയ്‌ക്കെതിരേ പ്രതിഷേധവുമായി സമാധാനപരമായി ഒത്തുകൂടി. എന്നാല്‍, ഇതിനെതിരേ നൂപുര്‍ ശര്‍മയെ അനുകൂലിക്കുന്ന വിഭാഗം അക്രമം അഴിച്ചുവിടുകയായിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്നാണ് പോലിസ് ഭാഷ്യം. തിരിച്ചറിയാത്ത അക്രമികള്‍ക്കെതിരേ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ സംഘര്‍ഷത്തില്‍ പ്രതികളാക്കപ്പെട്ടവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇവര്‍ക്കെതിരേ ഗുണ്ടാനിയമം പ്രയോഗിക്കുമെന്നും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയോ പൊളിക്കുകയോ ചെയ്യുമെന്നും യുപി സര്‍ക്കാര്‍ പറയുന്നു. ഗ്യാങ്സ്റ്റര്‍ ആക്ട് പ്രകാരവും എന്‍എസ്എ പ്രകാരവും നടപടിയെടുക്കുമെന്നും അവരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്നും കാണ്‍പൂര്‍ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it