Sub Lead

ആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ ക്രൈം ബ്രാഞ്ച് റിപോര്‍ട്ട് പുറത്തുവിട്ട് പി വി അന്‍വര്‍

എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ ചെറിയ പെരുന്നാള്‍ തലേന്ന് പുലര്‍ച്ചെ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് നാടുകടത്തിയ പ്രതികളിലൊരാളാണ് കാരായി രാജന്‍. ഏറെക്കാലം കണ്ണൂരില്‍ പ്രവേശിക്കുന്നതിന് കാരായി രാജന് വിലക്കുണ്ടായിരുന്നു.

ആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ ക്രൈം ബ്രാഞ്ച് റിപോര്‍ട്ട് പുറത്തുവിട്ട് പി വി അന്‍വര്‍
X

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധിയെ അനുകൂലിച്ചതിന് പിന്നാലെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കേസില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ നേതാവും ഫസല്‍വധക്കേസ് ഗൂഢാലോചനക്കേസ് പ്രതിയുമായ കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ പോലിസിലെ ഉന്നതര്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം നല്‍കിയ റിപോര്‍ട്ട് പൂഴ്ത്തിവച്ചതായി രാവിലെ അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു. റിപോര്‍ട്ടിന്റെ പകര്‍പ്പ് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ അനുകൂലികള്‍ കുടുക്കാന്‍ നോക്കിയത് കണ്ണൂരിലുള്ള സഖാവ് കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവരെയാണെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നത്. ഈ കേസ് ആദ്യത്തെ സംഘപരിവാര്‍ അനുകൂല അന്വേഷണ സംഘം എങ്ങനെ അട്ടിമറിച്ചു എന്നത് സംബന്ധിച്ച് പിന്നീട് കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്നത്തെ ക്രൈം ബ്രാഞ്ച് എസ്പിക്ക് നല്‍കിയ റിപോര്‍ട്ടിന്റെ കോപ്പി പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയ്യുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്.

സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലിസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പോലിസിലെ ആര്‍എസ്എസുകാര്‍ സര്‍ക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ വ്യക്തമാണെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. കേസില്‍ കാരായി രാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ ഫോണ്‍ റെക്കോഡുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍, ആശ്രമത്തിനെതിരേ പ്രതിഷേധിച്ച ആര്‍എസ്എസുകാരുടെ ഫോണ്‍ രേഖകളോ സംഭവസമയം ആക്റ്റീവായിരുന്ന ആര്‍എസ്എസുകാരുടെ ഫോണ്‍ വിശദാംശങ്ങളോ പരിശോധിച്ചില്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ വീഴ്ച എണ്ണിപ്പറഞ്ഞ് ക്രൈംബ്രാഞ്ച് നല്‍കിയ റിപോര്‍ട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും എഡിജിപി എം ആര്‍ അജിത്ത്കുമാറുമാണ് പൂഴ്ത്തിയതെന്നും മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിരുന്നില്ലെന്നുമാണ് അന്‍വര്‍ പറഞ്ഞത്. അന്‍വറിന്റെ ആരോപണത്തില്‍ പി ശശി-കാരായി രാജന്‍ വിഷയം കൂടി കടന്നുവന്നത് സിപിഎം കണ്ണൂര്‍ ലോബിയില്‍ പുതിയ പോരിന് കളമൊരുക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ ചെറിയ പെരുന്നാള്‍ തലേന്ന് പുലര്‍ച്ചെ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് നാടുകടത്തിയ പ്രതികളിലൊരാളാണ് കാരായി രാജന്‍. ഏറെക്കാലം കണ്ണൂരില്‍ പ്രവേശിക്കുന്നതിന് കാരായി രാജന് വിലക്കുണ്ടായിരുന്നു.

Next Story

RELATED STORIES

Share it