Sub Lead

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി

ചോദ്യം ചെയ്യലിനുള്ള ഉദ്യോഗസ്ഥരില്ലാതിരുന്നതിനാല്‍ ഷാഫിയെ പിന്നീട് മടക്കി അയച്ചു. തിങ്കാളാഴ്ച വീണ്ടും ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി
X

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ടി പി വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനുള്ള ഉദ്യോഗസ്ഥരില്ലാതിരുന്നതിനാല്‍ ഷാഫിയെ പിന്നീട് മടക്കി അയച്ചു. തിങ്കാളാഴ്ച വീണ്ടും ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് അഭിഭാഷകനൊപ്പം മുഹമ്മദ് ഷാഫി ഹാജരായത്. ടി പി വധക്കേസില്‍ മുഹമ്മദ് ഷാഫി ഇപ്പോള്‍ പരോളിലാണ്.ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നേരത്തെ കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്ന് ഇയാള്‍ കസ്റ്റംസിനെ അറിയിച്ചിരുന്നു.തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിയോടെ ഷാഫി കസ്റ്റംസ് ഓഫിസില്‍ ഹാജരായത്.

കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ്, അര്‍ജ്ജുന്‍ ആയങ്കി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.കഴിഞ്ഞ ദിവസം കണ്ണൂരിലെ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം പിടിച്ചെടുത്തിരുന്നു. കൊടി സുനി നിലവില്‍ ജെയിലിലാണ്. ഇയാളുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

ഷാഫിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.സ്വര്‍ണക്കടത്തിന് ടി പി കേസിലെ പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സംരക്ഷണം ലഭിക്കുമെന്ന് അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞിരുന്നതായി മുഹമ്മദ് ഷെഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.

അന്വേഷണത്തില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തു സംഘത്തിന്റെ രക്ഷാധികാരികളായി മുഹമ്മദ് ഷാഫിയും കൊടി സുനിയും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വ്യക്തമായതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.കസ്റ്റംസിനു മുന്നില്‍ ഹാജരാകുന്നതിന് മുമ്പായി അര്‍ജ്ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫി നിര്‍ദ്ദേശിച്ച സ്ഥലത്തായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്.

Next Story

RELATED STORIES

Share it