Sub Lead

ഹിജാബ് വിലക്ക്: കര്‍ണാടകയില്‍ ഹൈസ്‌കൂളുകള്‍ തുറന്നു; ഉഡുപ്പിയിലും മംഗളൂരുവിലും നിരോധനാജ്ഞ

ഹിജാബിനെതിരെ ഹിന്ദുത്വവാദികള്‍ കനത്ത പ്രതിഷേധമുയര്‍ത്തിയ ഉഡുപ്പിയിലും മംഗളൂരുവിലും സ്‌കൂള്‍ പരിസരങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹിജാബ് വിലക്ക്: കര്‍ണാടകയില്‍ ഹൈസ്‌കൂളുകള്‍ തുറന്നു; ഉഡുപ്പിയിലും മംഗളൂരുവിലും നിരോധനാജ്ഞ
X

ബംഗളൂരു: ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ദിവസമായി അടഞ്ഞുകിടക്കുന്ന കര്‍ണാടകയിലെ ഹൈസ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറന്നു. ശക്തമായ സുരക്ഷയൊരുക്കിയാണ് സ്‌കൂളുകള്‍ തുറന്നത്.

ഹിജാബിനെതിരെ ഹിന്ദുത്വവാദികള്‍ കനത്ത പ്രതിഷേധമുയര്‍ത്തിയ ഉഡുപ്പിയിലും മംഗളൂരുവിലും സ്‌കൂള്‍ പരിസരങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈകോടതിയുടെ വിശാല ബെഞ്ചില്‍ ഇന്ന് വാദം തുടരാനിരിക്കെ, ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ വിഷയം ഉയര്‍ത്താനൊരുങ്ങുകയാണ് പ്രതിപക്ഷം. അതേസമയം, കോളജുകള്‍ 16 വരെ അടഞ്ഞുകിടക്കും. തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി 19 വരെ എല്ലാ ഹൈസ്‌കൂളുകളുടെയും 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിജാബ് നിരോധന വിവാദത്തിന്റെ പ്രഭവകേന്ദ്രമായ ഉഡുപ്പിയില്‍ ഞായറാഴ്ച വൈകീട്ട് സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നിരുന്നു. പ്രത്യേക യൂണിഫോം നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാമെന്ന തീരുമാനത്തിലാണ് യോഗം എത്തിയത്. യൂണിഫോം നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ലാസിലേക്ക് വരരുതെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

വിഷയത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി അന്തിമ വിധി വരുന്നതുവരെ എല്ലാവരും കാത്തിരിക്കണമെന്നുമുള്ള അഭിപ്രായത്തോട് യോഗത്തില് പങ്കെടുത്ത സംഘടനകള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് യോഗത്തില്‍ അധ്യക്ഷനായ ഉഡുപ്പി എംഎല്‍എ കെ രഘുപതി ഭട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, പെണ്‍കുട്ടികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നു വിട്ടുനിന്നു.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് കര്‍ണാടകയില്‍ പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതല്‍ കോളജുകള്‍ ഹിജാബിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തുകയായിരുന്നു.

ഹിജാബ് കേസില്‍ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാര്‍ഥിനി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാര്‍ഥിയും കൂടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാര്‍ഥിനികള്‍ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. കര്‍ണാടക ഹൈകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it