Big stories

ബാങ്ക് വിളിക്കെതിരായ ഹിന്ദുത്വ നീക്കം; കര്‍ണാടകയിലെ പള്ളികള്‍ക്ക് പോലിസ് നോട്ടിസ്

ബാങ്ക് വിളിക്കെതിരായ ഹിന്ദുത്വ നീക്കം; കര്‍ണാടകയിലെ പള്ളികള്‍ക്ക് പോലിസ് നോട്ടിസ്
X

ബെംഗളൂരു: കര്‍ണാടകയില്‍ ബാങ്കിനെതിരായ ഹിന്ദുത്വരുടെ ഭീഷണിയും പരാതിയും ഫലം കാണുന്നു. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലുള്ള 250 ലധികം പള്ളികള്‍ക്ക് കര്‍ണാടക പോലിസ് നോട്ടിസ് നല്‍കി. മുസ്‌ലിം പള്ളികള്‍ക്ക് അനുവദനീയമായ ഡെസിബെല്‍ ലെവലില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലിസ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

സംഘപരിവാര സംഘടനകള്‍ ഉച്ചഭാഷിണികള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വര്‍ഗീയ കാംപയിന്‍ ആരംഭിച്ചതിന് പിന്നാലെയാണ് പോലിസിന്റെ നീക്കം.

ബംഗളൂരുവില്‍ മാത്രം 250 ഓളം പള്ളികള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അനുവദനീയമായ അളവില്‍ ശബ്ദം നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ മസ്ജിദ് അധികൃതര്‍ തുടങ്ങിയിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മതസ്ഥാപനങ്ങള്‍, പബ്ബുകള്‍, നൈറ്റ് ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍, ചടങ്ങുകള്‍ എന്നിവയില്‍ നിന്ന് ശബ്ദമലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്നത് പരിശോധിക്കാന്‍ കര്‍ണാടക പോലീസ് കമ്മിഷണര്‍മാര്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്, പോലീസ് സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് കര്‍ണാടക പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) പ്രവീണ്‍ സൂദ് നിര്‍ദ്ദേശം നല്‍കി.

ആശുപത്രികള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ നിശബ്ദ മേഖലകളില്‍ പോലും നടക്കുന്ന പള്ളികളിലെ ഉച്ചഭാഷിണികളുടെ ദുരുപയോഗം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ ചൊവ്വാഴ്ച വിവിധ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ രാവിലെ ഉറക്കം കെടുത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും രാത്രി ജോലി ചെയ്യുന്നവര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതായി സംഘടനകള്‍ ആരോപിച്ചു. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബംഗളൂരു പൊലീസ് പള്ളികള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി.

ബെംഗളൂരു സിറ്റി പോലീസ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ പള്ളികള്‍ ഉച്ചഭാഷിണിയില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായി ബെംഗളൂരുവിലെ ജുമാമസ്ജിദിലെ ഖത്തീബ് മഖ്‌സൂദ് ഇമ്രാന്‍ പറഞ്ഞു.

ബെംഗളൂരുവിലെ 200 മുതല്‍ 250 വരെ പള്ളികള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ശബ്ദ നിയന്ത്രണം നില നിലനിര്‍ത്താന്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു,

അനുവദനീയമായ തോതില്‍ ശബ്ദം കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ആംപ്ലിഫയര്‍ ഉപയോഗിച്ച് ഉപകരണം ഘടിപ്പിക്കാന്‍ പള്ളി അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഉപകരണം റെഡിയാക്കി എല്ലാ പള്ളികളിലും അത് ഘടിപ്പിച്ച് തുടങ്ങിയത്. ആ ഉപകരണം ഞങ്ങളുടെ ജുമാമസ്ജിദില്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്, 'അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it